ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഇറക്കുമതി ചെയ്ത റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ വില നിശ്ചയിച്ചു.
വാക്സിൻ ഡോസ് ഒന്നിന് 995.40 രൂപയാണ് വില. ഇന്ത്യയിലെ വിതരണക്കാരായ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേർത്താണ് വാക്സിന്റെ വില നിശ്ചയിച്ചത്.
സ്പുട്നിക് വാക്സിൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ് ഹൈദരബാദിൽ നൽകിയതായും ഡോ. റെഡ്ഡീസ് കമ്പനി അറിയിച്ചു.
97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ചമുതല്‍ വിപണിയില്‍ ലഭ്യമാകും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്.
ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അംഗീകാരം നൽകിയത് റഷ്യയായിരുന്നു.
ഈ പ്രഖ്യാപനത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടെ സംശയത്തോടെ കണ്ടെങ്കിലും പിന്നീടു ട്രയൽ ഫലം പ്രസിദ്ധീകരിച്ചതോടെ ലോകരാജ്യങ്ങൾ അംഗീകരിച്ചു.
കോവിഡ് ഭേദമായവരെക്കാൾ പ്രതിരോധ ശേഷി (ഒന്നര മടങ്ങ്) സ്പുട്നിക് സ്വീകരിച്ചവർക്കുണ്ടെന്നാണു റഷ്യയുടെ അവകാശവാദം. എല്ലാ പ്രായക്കാരിലും ഒരുപോലെ ഫലപ്രദമാണ്. 10 ഡോളർ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങൾക്കു വാക്സിൻ നൽകുന്നത്.