തിരുവനന്തപുരം: ശനിയാഴ്ച മുതൽ 18–45 വയസ് പ്രായപരിധിക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ ശനിയാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.
വാക്സിൻ എടുക്കാൻ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് നാല്-ആറ് ആഴ്ചയ്ക്കുള്ളിൽ എടുക്കണം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിർദേശം അനുസരിച്ചാണിത്.
വാക്സിൻ എടുത്താലും മാസ്ക് ധരിക്കണം. വീടും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനം നടത്താൻ 16ന് ഡ്രൈഡേ ആചരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?
◙18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന് കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.inഎന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
◙ അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
◙ മൊബൈല്‍ നമ്പര്‍ നല്കുമ്പോള് ഒടിപി ലഭിക്കും
◙ ഒടിപി നല്കുമ്പോള് വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും
◙ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്സിനേഷന് കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക
◙ ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്
◙ ഇത്രയും നല്കിയ ശേഷം സബ്മിറ്റ് നല്‍കുക
◙ നല്കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്സിനേഷന് കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും
◙ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കണം