ജറുസലേം: ഗാസയിൽനിന്നു റോക്കറ്റാക്രമണം തുടരുന്ന ഹമാസ് തീവ്രവാദികൾക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി ഇസ്രേലി സൈന്യം. വ്യോമാക്രമണം മാത്രം നടത്തിയിരുന്ന ഇസ്രയേൽ കാലാൾപ്പടയെയും ഗാസ അതിർത്തിയിൽ വിന്യസിച്ചുതുടങ്ങി.
കാലാൾപ്പടയും ടാങ്കുകളും ഗാസയിൽ പ്രവേശിച്ചിട്ടില്ലെങ്കിലും അക്കാര്യം പരിഗണനയിലുണ്ടെന്നാണ് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചത്. ഇസ്രേലി അതിർത്തിയോടു ചേർന്ന ഗാസാ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാർ ഒഴിഞ്ഞുപോകാൻ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, ഇസ്രേലി പൗരത്വമുള്ള അറബ് വംശജരും യഹൂദരും തമ്മിള്ള തെരുവുയുദ്ധം വിവിധ ഇസ്രേലി നഗരങ്ങളിൽ ശമനമില്ലാതെ തുടരുകയാണ്.
സംഘർഷം തുടങ്ങി അഞ്ചാം ദിവസമായ ഇന്നലെ വരെ ഗാസയിൽ 119 പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. അറുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ എട്ടു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹമാസിന്റെ 20 നേതാക്കളെയടക്കം വധിച്ചതായി ഇസ്രയേൽ പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. ഹമാസിന്റെ റോക്കറ്റ് നിർമാണ കേന്ദ്രങ്ങളും തകർത്തു.
ആവശ്യമുള്ളിടത്തോളം ആക്രമണം തുടരുമെന്നും ഹമാസ് അടക്കമുള്ള പലസ്തീൻ തീവ്രവാദികൾ കനത്ത വില നല്കേണ്ടിവരുമെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിനെ പാഠം പഠിപ്പിക്കാൻ തയാറാണെന്നു ഹമാസും പ്രതികരിച്ചു. അതേസമയം, ജറുസലേമിലെ അൽഅഖ്സ മോസ്ക് വളപ്പിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്രസമൂഹം സമ്മർദം ചെലുത്താമെങ്കിൽ ഒരുമിച്ച് വെടിനിർത്തലിനു തയാറാണെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിലെ അഷ്കലോൺ, ബെർഷേബ, യാവ്നെ നഗരങ്ങൾ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റാക്രണം തുടരുകയാണ്. ഹമാസിന്റെ തുരങ്കശൃംഖല അടക്കം ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ലോദ് നഗരത്തിലടക്കം അറബ് വംശജരും യഹൂദരും തമ്മിൽ നടക്കുന്ന കലാപം നേരിടാൻ ആളുകളെ കരുതൽ തടങ്കലിലാക്കുകയെന്ന നിർദേശം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടുവച്ചു.
ഇതിനിടെ, ഇസ്രയേലിൽ നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ശ്രമം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരാജയപ്പെട്ടേക്കുമെന്ന് അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ
ജറുസലേം: ഗാസയിലും ഖാൻയൂനിസിലും നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ നിരവധി ഉന്നത കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ.
അതിസങ്കീർണവും ഈ രീതിയിലുള്ള ആദ്യത്തേതുമായ സൈനിക നടപടിയിലൂടെ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിടുകയായിരുന്നുവെന്ന് ഇസ്രേലി സേന പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇതിനോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
അറബ് പൗരന്മാർ പ്രതിഷേധം വ്യാപിപ്പിച്ചാൽ ആവശ്യമെങ്കിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഈ അരാജകത്വം അവസാനിപ്പിക്കുമെന്ന് സംഘർഷം നിലനിൽക്കുന്ന ലോദ്, അക്റി നഗരങ്ങളിൽ ബുധനാഴ്ച അതിർത്തി പോലീസിനെ വിന്യസിച്ചശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.