കുര്യൻ കുമരകം
കുമരകം: പെരുമഴയ്ക്കു പിന്നാലെ മഞ്ഞത്തവളകൾ കൂട്ടത്തോടെ ഇറങ്ങിയതു കുമരകംകാർക്കു രസകരമായ കാഴ്ചയായി. നൂറുകണക്കിനു മഞ്ഞത്തവളകളെ കൂട്ടത്തോടെ കണ്ടതോടെ മൊബൈൽ കാമറയുമായി പലരും രംഗത്തിറങ്ങി.
ഇണകളെ ആകർഷിക്കാനാണ് ഈ ഇനം തവളകൾ മഞ്ഞ നിറം പ്രാപിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് കുമരകം പഞ്ചായത്തിലെ 13-ാം വാർഡിൽ എസ്ബിഐ ശാഖയുടെ പടിഞ്ഞാറു വശത്തുള്ള പുരയിടത്തിൽ കൂട്ടമായി കാണപ്പെട്ടത്.
ഇന്ത്യയിൽ അസാധാരണമായി മാത്രം കണ്ടെത്തിയിട്ടുള്ളതും ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളവയുമാണിവ.
അർധരാത്രിയോടെ തവളകൾ കൂട്ടത്തോടെ കരയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. നുറുകണക്കിന് തവളകളുടെ കരച്ചിൽ അയൽവാസികളുടെ ഉറക്കവും കെടുത്തി.
നേരം പുലർന്നിട്ടും കരച്ചിൽ തുടർന്നതിനാൽ ശബ്ദത്തിന്റെ ഉറവിടം തേടി എത്തിയപ്പോഴാണ് വിചിത്ര കാഴ്ച കണ്ടത്. എട്ടു വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഇത്തരം മഞ്ഞതവള കൂട്ടങ്ങൾ ഇണചേരാൻ എത്തിയിരുന്നതായി നാട്ടുകാർ ഒാർമിക്കുന്നു.
കാളക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന ഈ തവളകൾ സാധാരണയായി തവിട്ട് അല്ലെങ്കിൽ ഇളം പച്ച നിറത്തിലാണ് കാണപ്പെടുന്നത്. തായ്ലൻഡ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിലും ഭക്ഷണത്തിനായി ഇവയെ ഉപയോഗിച്ചിരുന്നു.
വ്യാപകമായി വേട്ടയാടിയതിനെത്തുടർന്ന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി കയറ്റുമതിയും ഇവയെ പിടിക്കുന്നതും നിരോധിച്ചു.
ഇന്നലെ പകൽ പത്തുവരെ സുലഭമായി കണ്ട ഇവ പിന്നീട് എവിടെയോ പോയി മറഞ്ഞു. സമീപത്തുള്ള കുമരകം റോഡിൽ എത്തിയ തവളകളിൽ നല്ല പങ്കും വാഹനം കയറി ചത്തതു കാഴ്ചക്കാരെ നൊന്പരപ്പെടുത്തി.