തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം.
തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ മലപ്പുറം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ കടലാക്രമണം ശക്തമാണ്.
നിരവധി വീടുകൾ തകർന്ന് കനത്ത നാശനഷ്ടം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ, സംസ്ഥാനത്ത് കാറ്റും മഴയും ശക്തമാകുകയാണ്. അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം