ഒറ്റപ്പാലം: കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്.
13 രൂപ വരെ വില കൊടുത്തു വാങ്ങുന്ന കോഴി കുഞ്ഞുങ്ങളെ വളർത്തി വില്പനയ്ക്ക് വക്കുന്പോൾ കോഴിത്തീറ്റ വാങ്ങിയ വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ കലാപം. പാലക്കാട്,മലപ്പുറം ജില്ലാ അതിർത്തിയിൽ ചെറുകിട കോഴിഫാമുകൾ ഉൽപ്പാദനം നിർത്തിയ അവസ്ഥയാണ്.
പല ഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. മേഖലയിൽ മാത്രം ഒരു ഡസനിലധികം ഫാമുകൾ ആണ് പൂട്ടിയത്.90 മുതൽ 100 രൂപയോളം മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു.
ഇത് 60 രൂപ വരെ എത്തിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളുകൾ ഇല്ലാത്ത സാഹചര്യം രൂപപ്പെട്ടു. സാധാരണ കോഴി വില കൂടേണ്ട സമയമായിട്ടു പോലും അത് ഉണ്ടായില്ല.50 കിലോഗ്രാം കോഴിത്തീറ്റക്ക് 1300 രൂപ മുതൽ 1500 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 1,700 രൂപ വരെ എത്തി നിൽക്കുകയാണ്.
കോവിഡ് വ്യാപന സാഹചര്യത്തിൽ കന്പനികൾ കോഴിത്തീറ്റ ഉൽപാദനം നിർത്തിവെക്കുകയും. തമിഴ്നാട്ടിൽ നിന്നുള്ള കോഴിത്തീറ്റ വരവ് കുറഞ്ഞതുമാണ് വില വർദ്ധനയ്ക്ക് കാരണമായതിന് കോഴി കർഷകർ പറയുന്നത്.കോഴിക്കുഞ്ഞുങ്ങളുടെ വില ഇപ്പോൾ ഒന്നിന് ഇപ്പോൾ 10 മുതൽ 13 രൂപ വരെയാണ്.
തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. 40 ദിവസം വരെ വളർത്തി വിൽപ്പന നടത്തുന്ന സമയത്ത് വേണ്ടത്ര വില കിട്ടാത്തതാണ് ഫാമുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നത്.ഒരു കോഴി കുഞ്ഞിനെ 40 ദിവസം വളർത്തി വലുതാക്കാൻ നിലവിലെ സാഹചര്യത്തിൽ 100 രൂപയോളം ചെലവ് വരും എന്നാണ് കർഷകർ പറയുന്നത്.
കോഴികളെ കൃത്യസമയത്ത് വിറ്റഴിച്ചില്ലെങ്കിൽ ചെലവും വർധിക്കും. ഇതിനുപുറമേ ഈ സമയത്ത് ചൂട് സഹിക്കാതെ കോഴികൾ ചത്തുപോകുന്ന സാഹചര്യവുമുണ്ട്.ഇതോടെ കിട്ടുന്ന വിലക്ക് കോഴികളെ വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്.
കോഴികൾക്ക് നിശ്ചിത വില സർക്കാർ നിർദ്ദേശിക്കുകയും കോഴിത്തീറ്റ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ സബ്സിഡി നൽകുകയും ചെയ്താൽ മാത്രമേ ഈ മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളു എന്നാണ് പറയപ്പെടുന്നത്.
അതേസമയം ഓരോ ഇറച്ചി കോഴി വിൽപ്പന കടകളിലും അവർക്ക് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.ഇറച്ചി കോഴി വിൽപ്പനയിൽ വിലനിലവാരത്തിൽ ഏകോപനം ഇല്ലാത്തത് മുഖ്യ പ്രശ്നമാണ്. പല ഇറച്ചിക്കോഴി വിൽപനക്കാരും തോന്നിയ വില ഈടാക്കി ഉപഭോക്താവിനെ വഞ്ചിക്കുന്നുവെന്നാണ് പരാതി.
കോവിഡ് ശക്തമായ സാഹചര്യത്തിൽ ആളുകൾ കോഴി ഇറച്ചി വാങ്ങാൻ വൈമനസ്യം കാണിക്കുന്നത് വിലത്തകർച്ചക്ക് കാരണമായിട്ടുണ്ട്.കോഴി വാങ്ങാൻ വരുന്നവരെ തോന്നിയ വില പറഞ്ഞു ചില കച്ചവടക്കാർ വഞ്ചിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പെരുന്നാൾ കാലമായിട്ടും ഇറച്ചിക്കോഴി വിൽപ്പനയിൽ കാര്യമായ വർധനവ് ഇല്ലാതിരിക്കുന്നത് ഈ മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.