ടോക്കിയോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒളിന്പിക്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 3,51,000 ആളുകൾ ഒപ്പുവച്ച പൊതുതാത്പര്യ നിവേദനം ടോക്കിയോ ഗവർണർക്കു മുന്നിൽ ഇന്നലെ സമർപ്പിക്കപ്പെട്ടു.
ഞങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ടോക്കിയൊ ഒളിന്പിക്സ് റദ്ദാക്കുക, എന്ന പേരിലായിരുന്നു ഓണ്‍ലൈനായി നിവേദനം സമർപ്പിക്കപ്പെട്ടത്. ഈ മാസം ആദ്യമാണ് ഒപ്പുസമാഹരണം ആരംഭിച്ചത്. ജാപ്പനീസ് ചരിത്രത്തിൽ ഇത്രയും വേഗത്തിൽ ഇത്രയും ഒപ്പുകൾ സമാഹരിച്ച ആദ്യ നിവേദനമാണിത്.
ടോക്കിയൊ ഗവർണർ സ്ഥാനാർഥിയായിരുന്ന കെൻജി ഉത്സുനൊമിയയാണ് നിവേദനത്തിനു മുൻകൈയെടുത്തത്. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയോട് (ഐഒസി) ഒളിന്പിക്സ് റദ്ദാക്കണമെന്ന് ടോക്കിയൊ ഗവർണർ യുരികൊ കൊയ്കെ ആവശ്യപ്പെടണമെന്നും ഉത്സുനോമിയ ആവശ്യപ്പെട്ടു.
ഐഒസി, ഇന്റർനാഷണൽ പാരാലിന്പിക് കമ്മിറ്റി, ജപ്പാൻ സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് 2020 ടോക്കിയോ ഒളിന്പിക്സ് നടക്കേണ്ടത്.
കഴിഞ്ഞ വർഷം അരങ്ങേറേണ്ടിയിരുന്ന ഒളിന്പിക്സ് കോവിഡ്-19 മഹാമാരിയുടെ ഭീഷണിയെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.
വൈറസ് അടിയന്തരാവസ്ഥ
2020 ടോക്കിയോ ഒളിന്പിക്സിലേക്ക് 10 ആഴ്ചകൾ മാത്രം ശേഷിക്കേ വൈറസ് അടിയന്തരാവസ്ഥ നീട്ടാൻ ജപ്പാൻ. ടോക്കിയോ ഉൾപ്പെടെ മൂന്ന് പ്രദേശങ്ങൾ ഈ മാസം അവസാനംവരെ അടിയന്തരാവസ്ഥയിലാണുള്ളത്.
ജപ്പാനിൽ കോവിഡ്-19 വൈറസിന്റെ നാലാം തരംഗത്തിൽ ആരോഗ്യരംഗം സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഒളിന്പിക്സ് റദ്ദാക്കണമെന്ന പൊതുതാത്പര്യ നിവേദനം സമർപ്പിക്കപ്പെട്ടത്.