ബഡാ രാജനെ വധിക്കുക എന്ന സാഹസിക കൃത്യം ഏറ്റെടുക്കാൻ അധോലോകത്ത് ആരും തയാറാകാതെ വന്നതോടെയാണ് അധോലോകത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താൻ എതിരാളികൾ തീരുമാനിച്ചത്.
അധോലോകത്തുള്ളവർ നേരിട്ടു രംഗത്തിറങ്ങിയാൽ ബഡാ രാജന് എളുപ്പത്തിൽ സൂചന കിട്ടും എന്നതും ഇതിനു കാരണമായിരുന്നു. അങ്ങനെയാണ് ഒാട്ടോ ഡ്രൈവർ സഫാലികയെ പാട്ടിലാക്കുന്നത്.
വെടിവയ്പ് പരിശീലനം
രമേഷ് പൂജാരി, മംഗേഷ് മോറെ, കാലിയ ആന്റണി എന്നിവരായിരുന്നു ഒാട്ടോ ഡ്രൈവർ സഫാലികയുടെ വെടിവയ്പ് പരിശീലകർ. അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.
രാജനെ വധിക്കാനായാൽ ഭീമമായ തുക നൽകാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. പണമുണ്ടാക്കാനായി രാജൻ കാണിച്ച അതേ അതിസാഹസമായിരുന്നു സഫാലികയുടെയും കൈമുതൽ.
അമീർസാദയുടെ വധത്തിനു പിന്നാലെ പ്രതികാരശ്രമങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമെന്നോണം രാജൻ പോലീസിൽ കീഴടങ്ങിയിരുന്നു.
കേവലം 15 ദിവസത്തിനപ്പുറം സെപ്റ്റംബർ 21ന് രാജനെ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്പോഴാണ് സഫാലികയുടെ ദൗത്യത്തിനു സമയം നിശ്ചയിക്കപ്പെട്ടത്.
പുസ്തകത്തിലെ കൈത്തോക്ക്
നാവികസേനാ കേഡറ്റിന്റെ വേഷത്തിൽ കോടതിവളപ്പിലെത്തിയ സഫാലിക കൈയിൽ കരുതിയിരുന്ന തടിച്ച പുസ്തകത്തിനുള്ളിലാണ് കൈത്തോക്ക് ഒളിപ്പിച്ചിരുന്നത്.
അധോലോക നായകന്മാർ നൽകിയ പിഴയ്ക്കാത്ത പരിശീലനവും എന്തിനും പോന്ന ധൈര്യവും വെറുതെയായില്ല. പോലീസ് അകന്പടിയോടെ, കോടതിവരാന്തയിലൂടെ കടന്നുവന്ന ബഡാ രാജനെ നേർക്കുനേർ വെടിവച്ചുവീഴ്ത്തി സഫാലിക പോലീസിനു മുന്പാകെ കീഴടങ്ങി.
ഏതാനും ദിവസങ്ങൾക്കപ്പുറം താനെ ജയിലിലേക്കുള്ള മാർഗമധ്യേ സഫാലിക പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുകയും ചെയ്തു.
കനത്ത ആഘാതം
സംഘത്തലവന്റെ അപ്രതീക്ഷിത നഷ്ടം ഛോട്ടാ രാജനും സംഘത്തിനും കനത്ത ആഘാതമായിരുന്നു. സംഘാംഗങ്ങളുടെ അകന്പടിയോ ആയുധങ്ങളോ ഇല്ലാതെ പോലീസ് കസ്റ്റഡിയുടെ സുരക്ഷയിൽ നടന്നുപോവുകയായിരുന്ന ബഡാ രാജനെ കേവലമൊരു ഓട്ടോ ഡ്രൈവർ വെടിവച്ചുവീഴ്ത്തിയതിനു പിന്നിൽ പോലീസിലെ ചിലരുമായി എതിരാളികൾക്കുണ്ടായിരുന്ന മുൻ ധാരണയായിരുന്നുവെന്നും സംശയിക്കപ്പെടുന്നുണ്ട്.
സംഭവത്തിനുശേഷം ചന്ദ്രശേഖർ സഫാലിക പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടതും ഈ ധാരണയുടെ പുറത്തായിരുന്നുവെന്നു കരുതപ്പെടുന്നു.
ദാവൂദിന്റെ സഹോദരന്റെ കൊലയ്ക്കു പകരം ചോദിച്ചതിന്റെ പേരിലാണ് ബഡാ രാജനു സ്വന്തം ജീവൻ കൊടുക്കേണ്ടിവന്നത് എന്നതിനാൽ രാജൻസംഘത്തിന്റെ തുടർന്നുള്ള സംരക്ഷണം ദാവൂദ് ഏറ്റെടുത്തു.
ബഡാ രാജന്റെ രക്തത്തിനു പകരം ചോദിക്കാനുള്ള ഛോട്ടാ രാജന്റെ ദൗത്യത്തിന് എല്ലാ പിന്തുണയും നൽകുകയും ചെയ്തു.
(തുടരും)