ലക്നോ: കോവിഡിനെ നേരിടുന്നതിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി ദേശീയ മാധ്യമങ്ങൾ.
പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ കുഴിച്ചിട്ടിരിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കൃത്യമായി സംസ്കരിക്കാത്തതിനാല്‍ ഇപ്പോള്‍ മണല്‍ നീങ്ങി മൃതദേഹാവശിഷ്ടങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
പക്ഷികളും നായ്ക്കളും മൃതദേഹാവശിഷ്ടങ്ങള്‍ വലിച്ച് പുറത്തിടുകയാണെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ കോവിഡ് ബാധിച്ചവരുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹങ്ങൾ രോഗങ്ങൾ പരത്തുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലായി ഗംഗാ നദിയിൽ നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പണമില്ലാത്തതിനാലാണ് ഗ്രാമീണർ മൃതദേഹങ്ങൾ ഗംഗയിലെറിഞ്ഞത്.