ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. 22 വീട് പൂർണമായി നശിച്ചു. 586 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്.
കുട്ടനാട്ടിൽ അഞ്ച് വീടുകൾ പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായി നശിച്ചു.
കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തിൽ മട വീണു. കാവാലം വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു. ഇവിടെ രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി. കൈനകരി നോർത്ത് വില്ലേജിൽ ഒരു വീട് ഭാഗീകമായി തകർന്നു.
കുന്നുമ്മ വില്ലേജിൽ രണ്ടു വീടുകൾക്കും വെളിയനാട് വില്ലേജിൽ രണ്ട് വീടുകൾക്കും ഭാഗിക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജിൽ മഴക്കെടുതിയെ തുടർന്ന് അഞ്ചു വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.കാർത്തികപ്പള്ളിയിൽ 92 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു.
അമ്പലപ്പുഴ താലൂക്കിൽ 12 വീടുകൾ പൂർണമായും തകർന്നു. 362 വീടുകൾ ഭാഗികമായും നശിച്ചു. മാവേലിക്കരയിൽ 21 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചേർത്തല താലൂക്കിൽ 40 വീടുകൾ ഭാഗികമായും ഒരു വീടും പൂർണമായും തകർന്നു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ലാലന്റെ കടമുറി ശക്തമായ മഴയിൽ ഇടിഞ്ഞു വീണു. ചേർത്തല തെക്ക് പഞ്ചായത്തിൽ ജോയിയുടെ വീട് കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നു വീണു. മാരാരിക്കുളം വടക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മുഹമ്മ, ചേർത്തല തെക്കു പഞ്ചായത്തുകളിലായി ശക്തമായ മഴയിൽ മരം വീണാണ് വീടുകൾക്ക് ഭാഗിക നാശ നഷ്ടടം ഉണ്ടായത്.
ചെങ്ങന്നൂർ താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു. കുരുട്ടിശ്ശേരി, ചെങ്ങന്നൂർ, വെൺമണി, മാന്നാർ, തിരുവൻവണ്ടൂർ, എണ്ണക്കാട്, ആല വില്ലേജുകളിലാണ് വീടുകൾ ഭാഗികമായി തകർന്നത്. മാന്നാർ വില്ലേജിൽ ഒരു കിണർ ഇടിഞ്ഞു താഴുകയും ചെയ്തു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു
മാവേലിക്കര: കനത്ത മഴയ്ക്കൊപ്പം അച്ചന് കോവിലാറ്റില്‍ ജലനിരപ്പുയരുന്നത് ജനങ്ങളെ ആശയങ്കയിലാക്കുന്നു.
കോടതിക്കു കിഴക്ക് പടീത്തോട് ഭാഗത്തുള്‍പ്പെടെ ടിഎ കനാല്‍ മിക്കയിടങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. കനാലിന്റെ ഇരുകരകളിലെ വീടുകളും വെള്ളത്തിലായി.
രണ്ടു പ്രളയങ്ങള്‍ സമ്പൂര്‍ണ നാശം വിതച്ച കണ്ടിയൂര്‍ കുരുവിക്കാട് മേഖലയില്‍ അച്ചന് കോവിലാര്‍ കരകവിഞ്ഞ് റോഡിലേക്ക് കയറുന്നത് ജനങ്ങളെ ഭീതിലാക്കുന്നുണ്ട്. നഗരസഭയില്‍ പലയിടങ്ങളിലും റോഡില്‍ വലിയ വെള്ളക്കെട്ടുകളാണ്.
ചെറിയ കനാലുകളും തോടുകളും അടക്കം കവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്ന സ്ഥിതിയാണ്.
പ്രായിക്കര സ്രാമ്പിക്കല്‍ പ്രദേശത്ത് 12 വീടുകള്‍ വെള്ളത്തിലായി. ഭരണിക്കാവ് പഞ്ചായത്തില്‍ 2,3,4,5 വാര്‍ഡുകളില്‍ ടിഎ കനാലിന്റെ ഇരുകരകളിലുമുള്ള വീടുകളിലും ചെട്ടികുളങ്ങരയില്‍ കോഴിപ്പാലം കരിപ്പുഴ കണ്ണമംഗലം മേഖലകളിലും, ഉള്ളിട്ട പുഞ്ചയുടെ കരകളിലെ വീടുകളിലുംവെള്ളം കയറി.
തഴക്കര പഞ്ചായത്തില്‍ അറുന്നൂറ്റിമംഗലം മേഖലയും അച്ചന് കോവിലാറിന്റെ തീര പ്രദേശങ്ങളും വെള്ളത്തിലായി.തെക്കേക്കരിയല് ചെറുകുന്നം തടത്തിലാല് ഓലകെട്ടി പോനകം വാര്‍ഡുകളിലാണ് ഏറെയും ദുരിതം. നിയുക്ത എംഎല്‍എ എം എസ് അരുണ്‍കുമാര്‍, മുന്‍ എംഎല്‍എ ആര് രാജേഷ് എന്നിവര്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തഴക്കര, ചെട്ടികുളങ്ങര തെക്കേക്കര, ചെന്നിത്തല പഞ്ചായത്തുകളില്‍ കൂടുതല്‍ പച്ചക്കറി കൃഷി നശിച്ചു.
മാവേലിക്കര താലൂക്കില്‍ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ഡി ടൈപ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. ക്വാറന്റൈനിലായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേര് ഇവിടെയുണ്ട്.
14 കുടുംബങ്ങളാണ് ആകെ ക്യാമ്പുകളിലുള്ളത്. താമരക്കുളം ചത്തിയറ ഗവ. എല്‍പിഎസില്‍ 8, ചെന്നിത്തല-തൃപ്പെരുന്തുറ ഗവ. യുപിഎസില്‍ 4, തൃപ്പെരുന്തുറ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയില്‍ ഒന്ന് എന്ന നിലയിലാണ് കുടുംബങ്ങളുടെ എണ്ണം.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി
ചെങ്ങന്നൂർ: ശക്തമായ മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പുയർന്ന സാഹചര്യത്തിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവോടെ അച്ചൻകോവിൽ, പമ്പ, മണിമല എന്നീ നദികളിലാണ് ജലനിരപ്പുയർന്നത്.
കാറ്റിൽ മരം കടപുഴകി വീണും മഴവെള്ളം കുത്തിയൊലിച്ചെത്തിയും താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശമാണ് സംഭവിച്ചത്. വീടുകൾക്ക് പുറമേ വൻതോതിൽ കാർഷിക വിളകളും നശിച്ചു. മുളക്കുഴ വില്ലേജിൽ ഒൻപതാം വാർഡിൽ പ്രദീപിന്റെ വീടിന് മുകളിൽ തേക്ക് മരംവീണ് മേൽക്കൂര തകർന്നു.
വെണ്മണിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളിലെ 11 പേരെ തച്ചപ്പള്ളി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. പുലിയൂർ വില്ലേജിൽ, തോന്നക്കാട് ചാത്തമേൽക്കുറ്റി ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് റവന്യു സംഘം സ്ഥലം സന്ദർശിച്ചു.
ഇവരെക്യാമ്പിലേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തിയെങ്കിലും ആളുകൾക്ക് ക്യാമ്പിൽ വരാൻ താൽപ്പര്യം ഇല്ലെന്ന് അറിയിച്ചു. ഈ ഭാഗത്തുള്ള നാല് സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്വന്തം നിലയിൽ മാറി.ചെറിയനാട് വില്ലേജില്‍ രണ്ട് കുടുംബങ്ങൾ ഇന്നലെ വിജയേശ്വരി സ്കൂളിലെ ക്യാമ്പിൽ എത്തി രാത്രിയോടെ കൂടുതൽ കുടുംബങ്ങൾ ക്യാമ്പിലേക്ക് എത്തുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വാഹനങ്ങൾ നെടുമുടി പാലത്തിന്റെ മുകളിലും സമീപത്തും
പാർക്ക് ചെയ്തിരിക്കുന്നു.
വെണ്മണിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിൽ.
മുളക്കുഴ വില്ലേജിൽ ഒൻപതാം വാർഡിൽ പ്രദീപിന്റെ വീടിന് മുകളിൽ തേക്ക് മരംവീണ് മേൽക്കൂര തകർന്ന നിലയിൽ.