പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പറയാറില്ലെ. ചില കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നും തോന്നും. സാറ വലാര്ഡ് എന്ന കാമുകി തന്റെ പ്രണയത്തിനു വേണ്ടി ചെയ്തത് അല്പം കടന്ന കൈയായിപ്പോയെന്നു തോന്നും. സാറയുടെ കാമുകന് സാറയെ ഉപേക്ഷിച്ചു.
സാധാരണ പ്രണയങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ പലരും വിചിത്രമായ പല കാര്യങ്ങളും ചെയ്യും. കൂട്ടുകാര്‍ക്കൊക്കെ സങ്കടകരമായ മെസേജ് അയക്കും.
അല്ലെങ്കില്‍ അമിതമായി മദ്യപിക്കും. പക്ഷേ, സാറ ഈ രീതികളെയൊന്നും കൂട്ടുപിടിച്ചില്ല. ഒരു കല്ല്യാണമങ്ങ് കഴിച്ചു. കാഴ്ചക്കാർക്കു തോന്നിക്കുന്ന സകല ആഡംബരങ്ങളോടെയുമായിരുന്നു വിവാഹം.
വ്യാജവിവാഹം
ഒരാള്‍ ഉപേക്ഷിച്ചു പോയാല്‍ അതില്‍ നിന്നു മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റൊരാളിലേക്കു നീങ്ങുക എന്നതാണ്. എന്നാല്‍, സാറാ വിലാര്ഡിന്റെ കാര്യത്തില്‍ അവള്‍ക്കു സങ്കടത്തില്‍നിന്നു രക്ഷപ്പെടാനും കാമുകനോടുള്ള വാശി തീർക്കാനുമായി കണ്ടുപിടിച്ചതു മറ്റൊരാളെ വിവാഹം കഴിക്കുക എന്നതായിരുന്നു!
ഇത്ര പെട്ടെന്നു മറ്റൊരു വിവാഹമോ എന്നു ചിന്തിക്കുന്നുണ്ടാകും. പക്ഷേ, ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. അതു വ്യാജമായിരുന്നു. അങ്ങനെയൊരു വരനില്ലായിരുന്നു. സാറ തന്റെ ടിക് ടോക് വീഡിയോയില്‍ മുന്‍ കാമുകനെ വിശ്വസിപ്പിക്കാനായി ചെയ്ത കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്.
വ്യാജ വിവാഹത്തിനായി മനോഹരമായ ഒരു വിവാഹ ഗൗണ്‍ വാങ്ങിയതും ഒരു പ്രഫഷണല്‍ ഷൂട്ടിനു പണം മുടക്കിയതുമൊക്കെ വെളിപ്പെടുത്തുന്നുണ്ട്. “മുന്‍ കാമുകനോടു പ്രതികാരം ചെയ്യാനായി ഞാന്‍ വ്യാജമായി വിവാഹം കഴിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്ത സമയം ഓര്‍മിക്കുന്നു,”ഗ്നാര്ലെസ് ബാര്‍ക്ലിയുടെ “ക്രേസി” എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ സാറ എഴുതി.
ആഡംബര വിവാഹം
ടിക് ടോക്കിലെ വീഡിയോ ക്ലിപ്പില്‍ സാറയുടെ “ബിഗ് ഡേ” യില്‍നിന്നുള്ള നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, മനോഹരമായ വിവാഹ വേദിയില്‍ തന്റെ പുതിയ ഭര്‍ത്താവിനോടും തന്റെ തോഴികളോടുമൊപ്പം (ബ്രൈഡ്സ് മെയിഡ്) ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊക്കെ ഇതില്‍ കാണിക്കുന്നുണ്ട്.
ഏകദേശം 1,20,000 തവണ ലൈക്ക് ചെയ്ത ഈ വീഡിയോക്ക്, നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവളുടെ “ഭ്രാന്തിനോടുള്ള പ്രതിബദ്ധത” അഭിനന്ദിക്കുകയും ഇതുപോലുള്ള കാര്യങ്ങള്‍ “അവരെ സാധാരണ നിലയിലേക്ക് ”എത്തിക്കുമെന്നും പലരും വീഡിയോയ്ക്കു കമന്റായി പറയുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒരു മനോരോഗിയുടേതോ അല്ലെങ്കില്‍ തികച്ചും ബുദ്ധിപൂര്‍വമായി ചെയ്യുന്നതോ ആകാമെന്നാണ് ഒരാള്‍ എഴുതിയത്. അതേസമയം, ഫോട്ടോകള്‍ കണ്ടതിനു ശേഷം മുന്‍ കാമുകന് വീണ്ടും ബന്ധപ്പെട്ടോയെന്നും അവളുടെ സൂത്രണം വിജയം കണ്ടോ എന്നും ചോദിച്ചും പലരും എത്തിയിട്ടുണ്ട്.