ശ്രീജിത് കൃഷ്ണൻ
തമിഴ്നാട്ടുകാരനായ വരദരാജ മുതലിയാർക്കും മലയാളിയായ ബഡാ രാജനും ശേഷമാണ് മുംബൈ ചെന്പൂരിൽ തന്നെ ജനിച്ചുവളർന്ന ഛോട്ടാ രാജൻ സംഘത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്.
മുതലിയാർ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും പോലീസുമായുള്ള നിരന്തര ഏറ്റുമുട്ടലുകളും പത്താൻ സംഘത്തിന്റെ വളർച്ചയും മൂലം സ്വാധീന മേഖലകൾ ഒന്നൊന്നായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങളും കൂടി ആയതോടെ മുതലിയാർ ചെന്നൈയിലേക്കു താമസം മാറ്റിയിരുന്നു.
ചെന്പൂരിലും തിലക്നഗറിലും ചെറുകിട ഗുണ്ടാപ്പിരിവുകളുമായി നടന്ന തനിക്ക് അധോലോകത്തു നിലയും വിലയും മേൽവിലാസവുമുണ്ടാക്കിത്തന്ന രാജൻ നായർ ഛോട്ടാ രാജനു കേവലം സംഘത്തലവനെന്നതിനേക്കാളുപരി എല്ലാമെല്ലാമായിരുന്നു.
സ്വന്തം നാട്ടിൽ തനിക്കു മേൽവിലാസമുണ്ടാക്കിത്തന്ന മറുനാട്ടുകാരൻ. മുതലിയാർക്കു ശേഷം ബഡാ രാജനെന്നു പോലീസും സാധാരണക്കാരും ഒരുപോലെ വിശ്വസിച്ചിരുന്ന കാലത്താണ് തീർത്തും അപ്രതീക്ഷിതമായി ബഡാ രാജൻ കൊല്ലപ്പെടുന്നത്.
ചാവേറിനു പിന്നിൽ
ബഡാ രാജനെ ഇല്ലാതാക്കാനായി എതിരാളികൾ സൃഷ്ടിച്ച ചാവേർ മാത്രമാണ് സഫാലികയെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. ദൗത്യം നിറവേറ്റിക്കഴിഞ്ഞാൽ അധികം താമസിയാതെ അയാളും കൊല്ലപ്പെടുമെന്ന കാര്യവും ആ ജോലി അയാളെ ഏൽപിച്ചവർക്ക് ഉറപ്പായിരുന്നു.
അതുകൊണ്ടുതന്നെ ഒരു ലക്ഷം രൂപ അഡ്വാൻസല്ലാതെ വേറെ തുകയൊന്നും അയാൾക്കു നൽകേണ്ടിവരില്ലെന്ന് അവർ കരുതി.എന്നാൽ, കൊന്നവനേക്കാൾ മുന്പേ കൊല്ലിച്ചവരെ ലക്ഷ്യം വച്ചാണ് ഛോട്ടാ രാജൻ തന്റെ ആദ്യ കരുക്കൾ നീക്കിയത്.
കൊലയുടെ സൂത്രധാരനായ അബ്ദുൾ കുഞ്ഞായിരുന്നു ആദ്യ ലക്ഷ്യം. അതിനു ദാവൂദിന്റെ എല്ലാവിധ പിന്തുണയും ഒപ്പമുണ്ടായിരുന്നു. പക്ഷേ, ലക്ഷ്യം നിറവേറ്റാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു.
കൊലയാളിയെ തേടി
അധോലോക മാഫിയാ സംഘത്തലവൻ എന്നതിനൊപ്പം തികഞ്ഞ ക്രിക്കറ്റ് ആസ്വാദകനും കളിക്കാരനുമായിരുന്നു അബ്ദുൾ കുഞ്ഞ്. മലയാളിയായിരുന്നെങ്കിലും കേരളത്തിൽ എവിടെയായിരുന്നു ഇയാളുടെ സ്വദേശമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അബ്ദുള്ളക്കുഞ്ഞ് എന്ന മലയാളിപ്പേരാകാം ഹിന്ദിക്കാരുടെ ഇടയിൽ അബ്ദുൽ കുഞ്ഞായതെന്നും കരുതപ്പെടുന്നു.
ബദ്ധശത്രുവായ ബഡാ രാജനെ ഇല്ലാതാക്കിയതോടെ ചെന്പൂർ മേഖലയുടെ ആധിപത്യം ഇയാളിൽ വന്നുചേർന്നു. തലവനെ നഷ്ടപ്പെട്ട ഛോട്ടാ രാജനും സംഘാംഗങ്ങളും പുലി പതുങ്ങുന്നതുപോലെ തിലക്നഗർ മേഖലയിൽ മാത്രമായി ഒതുങ്ങിക്കൂടുകയും ചെയ്തു.
(തുടരും).