കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ പ്രളയ ദുരിതം വിട്ടൊഴുയുന്നില്ല.മഴ മാറിയതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.
ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെത്തുടർന്നു കഴിഞ്ഞദിവസം മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്കു നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു.
നാഗന്പടം, കുമരകം, കിടങ്ങൂർ, പേരൂർ മേഖലയിൽ മീനച്ചിലാറും കോടിമതയിൽ കൊടൂരാറും അപകട സാധ്യതാ നിലയ്ക്കു മുകളിൽ എത്തിയിരുന്നു.
കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലും അയ്മനം, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, കിടങ്ങൂർ, വിജയപുരം പഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാന്പുകളിലായി 168 കുടുംബങ്ങളിലെ 560 പേർ കഴിയുന്നുണ്ട്.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ഇന്നു മഴ പെയ്തില്ലെങ്കിൽ വെള്ളക്കെട്ടിന്റെ ദുരിതം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.
കാലവർഷം വൈകാതെ എത്തുമെന്ന മുന്നറിയിപ്പ് പടിഞ്ഞാറൻ മേഖലയെ ഭീതിയിലാഴ്ത്തുകയാണ്. മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ നിലംപൊത്തിയ വൻമരങ്ങൾ വെട്ടിമാറ്റുന്നതേയുള്ളു. പലയിടങ്ങളിലും വൈദ്യുതി വിതരണം പുനരാരംഭിച്ചിട്ടില്ല.