കോട്ടയം: കേരള കോണ്ഗ്രസ് എമ്മിന്റെ സംസ്കാരം നിലനിർത്തിയായിരിക്കും പ്രവർത്തിക്കുകയെന്ന് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ.
ഇന്നു രാവിലെ പാലായിൽ ജോസ് കെ. മാണിയുടെ വസതിയിൽ എത്തി ചർച്ചകൾ നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കുന്നുമെന്നും അദേഹം പറഞ്ഞു.രാവിലെ വീട്ടിലെത്തി റോഷി അഗസ്റ്റിൻ, കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
ചർച്ചകൾക്കുശേഷം റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തിനു മടങ്ങുകയും ചെയ്തു. പാർട്ടിക്കു ലഭിക്കുന്ന വകുപ്പുകൾ സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് അക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നല്ല വകുപ്പുകൾ കിട്ടണമെന്നാണ് ആഗ്രഹമെന്നും ജോസ് കെ. മാണി പറഞ്ഞു.