സ്വന്തം ലേഖകൻ
തൃശൂർ: പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളെ ബോധവത്കരിച്ചു മടുത്തിരിക്കുന്പോൾ കോവിഡ് ബോധവത്കരണത്തിനു മംഗലശേരി നീലകണ്ഠനും ബിലാലും ഭരത്ചന്ദ്രൻ ഐപിഎസും ഉൾപ്പടെയുള്ളവർ കളത്തിലിറങ്ങിയിരിക്കുന്നു.
തൃശൂർ ജില്ല ആരോഗ്യവകുപ്പിനു വേണ്ടി കൊച്ചിൻ കലാഭവനിലെ കലാകാരൻമാർ ഒരുക്കിയിരിക്കുന്ന സിനിമാറ്റിക് ബോധവത്കരണ ഫിക്ഷൻ വീഡിയോകളിലാണു മംഗലശേരി നീലകണ്ഠനും ബിഗ് ബിയും ഭരത്ചന്ദ്രനുമൊക്കെയുള്ളത്.
യഥാർഥ സിനിമകളിലെ ദൃശ്യങ്ങൾക്കൊപ്പം അതിലെ ഡയലോഗുകൾക്കു പകരം കോവിഡ് ബോധവത്കരണ ഡയലോഗുകൾ ചേർത്താണു രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള രസകരമായ വീഡിയോകൾ തയാറാക്കിയിരിക്കുന്നത്.
മംഗലശേരി നീലകണ്ഠൻ ആരോഗ്യപ്രവർത്തകരും സർക്കാരും നടത്തുന്ന കോവിഡ് ബോധവത്കരണങ്ങളെക്കുറിച്ചും അതിനോടു സഹകരിക്കണമെന്നും മുണ്ടയ്ക്കൽ ശേഖരനോടു പറയുന്നതാണു രാവണപ്രഭുവിലെ ദൃശ്യങ്ങളുമായി ചേർത്ത് ആവിഷ്കരിച്ചിരിക്കുന്നത്.
ബിഗ് ബിയിലെ ബിലാൽ എത്ര ബോധവത്കരിച്ചിട്ടും മനസിലാകാത്തവരെ തോക്കുവച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതു മമ്മൂട്ടി ആരാധകർക്ക് ആവേശമാകുന്നു.
ഓർമയുണ്ടോ ഈ മുഖം എന്ന എക്കാലത്തേയും സൂപ്പർഹിറ്റ് ഡയലോഗുമായാണു ഭരത്ചന്ദ്രൻ ഐപിഎസ് ബോധവത്കരണത്തിനെത്തുന്നത്.
മന്ത്രിയുടെ ഭാര്യയെ പഴയകാല കഥകൾ ഓർമപ്പെടുത്തി പൊളിച്ചടുക്കുന്ന കിടിലൻ ഡയലോഗുകളും കമ്മീഷണറിലെ പ്രശസ്തമായ തീം മ്യൂസിക്കും ഉൾപ്പെടുത്തിയ ഈ വീഡിയോ സുരേഷ്ഗോപി ആരാധകരെ കമ്മീഷണർ പോലെ തന്നെ ത്രില്ലടിപ്പിക്കുന്നു.
ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലെ വില്ലൻമാരുടെ കോന്പിനേഷൻ സീൻ വളരെ മനോഹരമായി കോവിഡ് ബോധവത്കരണ ഡയലോഗുകളാൽ പുതിയ രൂപത്തിലാക്കിയിട്ടുണ്ട്.
സിബിഐക്കാരെ പേടിക്കണം എന്ന് ഡിവൈഎസ്പി ദേവദാസ് പറയുന്ന ഡയലോഗുകളാണ് കോവിഡിനെയും വാക്സിനേയുമൊക്കെ ഉൾപ്പെടുത്തി മാറ്റിയിരിക്കുന്നത്.
സന്ദേശം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പ്രശസ്തമായ ശങ്കരാടിയുടെ അന്തർധാര സജീവമായിരുന്നു എന്ന ഡയലോഗുള്ള പാർട്ടി ക്ലാസെടുക്കൽ കോവിഡ് ബോധവത്കരണ ക്ലാസെടുക്കലായി പറിച്ചുനട്ട് കെെയടി നേടുന്നു ഈ കലാകാരൻമാർ.
എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയാൻ സഖാക്കളിലൊരാൾ പറയുന്നതായാണു സിനിമയിൽ. എങ്ങിനെ സഖാക്കൾക്ക് കോവിഡ് പിടിപെട്ടുവെന്നു ലളിതമായി പറയാനാണ് ഇതിൽ സഖാക്കളിലൊരാൾ പറയുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി എന്ന സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നായ പെണ്ണുകാണൽ രംഗവും കോവിഡ് ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീധനം കണക്കുപറഞ്ഞു ചോദിക്കുന്ന രംഗത്ത് തിലകൻ സ്ത്രീധനത്തിനെതിരെ പറയുന്ന ഡയലോഗുകൾക്കു പകരം ഇതിൽ കോവിഡ് ബോധവത്കരണ ഡയലോഗുകളാണുള്ളത്. മികച്ച പെർഫെക്ഷനോടെയാണ് ഈ വീഡിയോ ഒരുക്കിയിട്ടുള്ളത്.
കമ്മട്ടിപ്പാടത്തിൽ കൃഷ്ണനെ ഫോണ് ചെയ്യുന്ന ഗംഗ തനിക്കു കോവിഡാണെന്നും പറഞ്ഞാൽ കേൾക്കാതെ നടന്നിട്ടാണ് കോവിഡ് പിടിച്ചതെന്നും പറയുന്ന രംഗം ഹൃദയസ്പർശിയാണ്.
ചിരിക്കാനും ചിന്തിക്കാനും വക തരുന്ന രീതിയിൽ ഒട്ടും ബോറടിപ്പിക്കാതെയും അരോചകമല്ലാതയുമാണ് ഈ വീഡിയോകളെല്ലാം ഒരുക്കിയിരിക്കുന്നത്.
ഇതിൽ ഓരോ വീഡിയോകളായി ജില്ല ആരോഗ്യവകുപ്പ് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ കുട്ടികൾക്കായി ആനിമേഷൻ വീഡിയോകളും ഒരുക്കിയിട്ടുണ്ട്.
പാട്ടുകൾ, ഷോർട്ട് ഫിലിം എന്നിവയും കലാഭവനിലെ കലാകാരൻമാർ തൃശൂർ ജില്ല ആരോഗ്യവകുപ്പിനായി ഒരുക്കുന്നുണ്ട്.
കൊച്ചിൻ കലാഭവനിൽ നിന്നും രഞ്ജീവ് കലാഭവൻ, രാജേഷ് കലാഭവൻ, ബിജു കലാഭവൻ, അജിത്ത് കോഴിക്കോട്, ടെക്നീഷ്യൻ ഫൈസൽ എന്നിവരാണ് ജനങ്ങളെ കോവിഡിന്റെ അപകടങ്ങളും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും സാമൂഹ്യ അകലം പാലിക്കണമെന്നു പറയുന്നതിന്റെ കാരണവുമെല്ലാം വളരെ രസകരമായി സിനിമരംഗങ്ങളിലൂടെ പറഞ്ഞുകൊടുക്കുന്നത്.
കലാകാരൻമാർക്കു സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിതെന്നു കലാഭവൻ താരങ്ങൾ പറഞ്ഞു. ജില്ല ആരോഗ്യവകുപ്പിനും നല്ല പ്രതികരണമാണ് ഈ വീഡിയോകൾ കാണുന്നവരിൽ നിന്നും കിട്ടുന്നത്.