പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാംശാഖയില് നിന്ന് 8.13 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാഷ്യര്‍ കം ക്ലാര്‍ക്ക് വിജീഷ് വര്ഗീസില്നിന്നു ലഭിച്ച മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ഇന്നു ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് നല്‍കും.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിനു കേസ് കൈമാറിയിരുന്നു.
പോലീസ് കസ്റ്റഡിയിലുള്ള വിജീഷിനെ ഇന്നു രാവിലെ ബാങ്കിലെത്തിച്ചു തെളിവെടുത്തു. തുടര്‍ന്ന് ഇയാളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
പോലീസിന്റെ കസ്റ്റഡി അപേക്ഷയും ഇതിനൊപ്പം നല്‍കുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കനറാ ബാങ്ക് കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.
ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരനു മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പോലീസ് നിഗമനങ്ങള്‍ കൂടി പരിശോധിച്ചു സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണ് സൂചന.
വിജീഷിനെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്നാണ് പോലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ പത്തനംതിട്ടയിലെത്തിച്ചു ചോദ്യം ചെയ്തു.
ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, ഡിവൈഎസ്പി എ. പ്രദീപ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.വി. ബിജീഷ് ലാല്‍, ഗോപകുമാര്‍ എന്നിവര്‍ ചോദ്യംചെയ്തു.
തട്ടിപ്പ് അതിവിദഗ്ധമായി, പണം ഭാര്യയുടെകൂടി അക്കൗണ്ടില്‍
പത്തനംതിട്ട: 2019 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. കാലാവധി പൂര്‍ത്തിയായ സ്ഥിരം നിക്ഷേപങ്ങളും ഉടമസ്ഥര്‍ ഇല്ലാത്ത അക്കൗണ്ടുകളും മോട്ടോര്‍ വാഹന അപകട ഇന്‍ഷ്വറന്‍സ് തുകകളും വിജീഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരില്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വാഹനാപകട നഷ്ടപരിഹാരം കേസുകളില്‍ വിധിയാകുന്ന തുക നിശ്ചിത കാലയളവില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കോടതി നിര്ദേശമുണ്ടാകാറുണ്ട്. നിശ്ചിത കാലാവധിക്കുശേഷം മാത്രമേ ഈ തുക അക്കൗണ്ട് ഉടമയ്ക്കു ലഭിക്കുകയുള്ളൂ.
ഇതില്‍നിന്നു തിരിമറി നടന്നാല്‍ പെട്ടെന്ന് അക്കൗണ്ട് ഉടമ മനസിലാക്കാറില്ല. ഇത്തരത്തിലുള്ള സാധ്യതകള്‍ മനസിലാക്കി അതിവിദഗ്ധമായി സൃഷ്ടിച്ചെടുത്ത സ്വന്തം അക്കൗണ്ടുകളിലേക്കാണ് പണം ഏറെയും തിരിമറി നടത്തിയിരിക്കുന്നത്.
സ്ഥിരം നിക്ഷേപം
സ്ഥിരം നിക്ഷേപം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടും വിജീഷ് വിദഗ്ധമായി പണം തിരിമറി നടത്തിവന്നു. തന്റെ അക്കൗണ്ടിലേക്കു പണം വരുന്ന വിവരം ഭാര്യ അറിഞ്ഞിരുന്നോയെന്നു വ്യക്തമല്ല.
ബംഗളൂരുവില്‍നിന്നു വിജീഷ് അറസ്റ്റിലാകുമ്പോള്‍ ഭാര്യയും രണ്ട് മക്കളും ഒപ്പം ഉണ്ടായിരുന്നു. നാട്ടിലെത്തിച്ച ഇവരെ ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം അയച്ചു.
വിജീഷിന്റെ കുടുംബം പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ബംഗളൂരുവില്‍നിന്നു പോലീസ് പിടികൂടിയിട്ടുണ്ട്. വിജീഷിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളില്‍ 6.5 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഇപ്പോൾ അക്കൗണ്ടി ൽ പണമില്ല. ഇതെവിടെപ്പോയിയെന്ന് അന്വേഷിക്കും.
തട്ടിപ്പില്‍ പങ്കില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഭാര്യയ്ക്കെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും പോലീസ് നിരീക്ഷണത്തിലാണ്.
ഉച്ചയൂണിനു പോലും പോകാതെ തട്ടിപ്പ്!
പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിൽ കാഷ്യര്‍ കം ക്ലാര്‍ക്ക് തസ്തികയില്‍ വിജീഷ് ജോലിക്കെത്തുന്നത് 2019 ജനുവരിയിലാണ്.
മാനേജരടക്കം ആറ് ജീവനക്കാര്‍ മാത്രമേ ശാഖയിലുണ്ടായിരുന്നുള്ളൂ. ജീവനക്കാരുടെ കുറവില്‍ അമിത ജോലിഭാരമുണ്ടായിരുന്നു. വനിതാ ജീവനക്കാരടക്കം ആരെങ്കിലുമൊക്കെ അവധിയെടുക്കുമ്പോള്‍ ജോലി ഭാരം കൂടുകയും ചെയ്തു. ഇതു വിജീഷ് മുതലെടുത്തുവെന്നാണ് നിഗമനം.
ജോലിഭാരം മുതലെടുത്തു
എല്ലാ ദിവസവും ജോലിക്കെത്തി കൂടുതല്‍ സമയം ജോലി ചെയ്തായിരുന്നു തട്ടിപ്പ്. ഉച്ചയൂണിനു പോലും ഇയാള്‍ പോകുമായിരുന്നില്ല. മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ജീവനക്കാര്‍ എന്നിവരുടെ കംപ്യൂട്ടറുകളുടെ പാസ്വേഡ് വീജീഷ് സ്വന്തമാക്കി.
ബയോ മെട്രിക് പാസ്വേഡും സിസ്റ്റം പാസ്വേഡും ജീവനക്കാര്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഓരോരുത്തരും ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്തത്.
മറ്റ് ജീവനക്കാരുടെ കംപ്യൂട്ടറില്‍ അവര്‍ ഇല്ലാത്ത അവസരത്തില്‍ കടന്നുകയറി പണം സ്വന്തം അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു. അഞ്ചു ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുമതി ജീവനക്കാര്‍ക്കുണ്ടായിരുന്നു.
മറ്റ് ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകള്‍ വിജീഷ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചിരുന്നു. ഇതിനു മുകളിലേക്കുള്ള തുക മാനേജരുടെ കംപ്യൂട്ടര്‍ ഉപയോഗിച്ച് അംഗീകാരം നല്‍കുകയും ചെയ്തു.
മാനേജരും വെട്ടിലായി
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ശാഖാ മാനേജരായിരുന്ന മോഹിത് സുവേദി, അസിസ്റ്റന്റ് മാനേജര്‍മാരായ സന്തോഷ്, പഞ്ചമി, ക്ലാര്‍ക്ക് മെറിന് എന്നിവരാണ് വിജീഷിനോടൊപ്പം സസ്പെന്‍ഷനിലായത്.
ബാങ്ക് നടത്തിപ്പുമായി ബന്ധപ്പെട്ടു ഗുരുതരമായ കൃത്യവിലോപം പ്രകടമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാസ് വേഡുകള്‍ പരസ്പരം കൈമാറിയതു സംബന്ധിച്ചു ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ല. ഓരോ 30 ദിവസം കൂടുമ്പോഴും പാസ് വേഡുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.
ഇതുണ്ടായിട്ടുണ്ടെങ്കില് എല്ലാത്തവണയും വിജീഷിന് ഇത് എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാനാകുന്നില്ല. പാസ് വേഡിനൊപ്പം സിസ്റ്റം ഉപയോഗിക്കുന്ന ആളുടെ വിരലടയാളം കൂടി പതിപ്പിച്ചാല്‍ മാത്രമേ കംപ്യൂട്ടറുകള്‍ ഓണ്‍ ചെയ്യാനാകൂ.
മറ്റ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി ഓണാക്കിയിടുന്ന കംപ്യൂട്ടറുകള്‍ വിജീഷ് യഥേഷ്ടം ഉപയോഗിച്ചു വന്നുവെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ബാങ്ക് മാനേജര്‍ ഉത്തരേന്ത്യക്കാരനായിരുന്നു. ഇദ്ദേഹം ആദ്യമായാണ് കേരളത്തില്‍ ഒരു ശാഖയില്‍ ജോലി നോക്കുന്നത്. ഏറെ മാനസിക സമ്മര്ദങ്ങളോടെയാണ് ജോലിക്കു വന്നിരുന്നെതന്നു പറയുന്നു.
ഇതു മുതലെടുത്താണ് വിജീഷ് ശാഖയുടെ ഇടപാടുകള്‍ മുഴുവന്‍ സ്വന്തം കൈകളിലൂടെ ആക്കിയതെന്നു കരുതുന്നു.
ബാങ്ക് നടപടിക്രമങ്ങളില്‍ മൂന്നു മുതല്‍ ആറുമാസത്തിനിടെ ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്താറുണ്ട്. ഒരു വര്‍ഷത്തിലേറെയായി വിജീഷ് ഒരേ സീറ്റിലാണ് ഇരുന്നിരുന്നത്.
പണം പോയത് ഓണ്‍ലൈന്‍ വിപണിയിലും റമ്മി കളിയിലും
പത്തനംതിട്ട: ഉന്നത നിലയില്‍ കഴിയുന്ന കുടുംബമാണ് വിജീഷിന്റേത്. മാതാപിതാക്കള്‍ റിട്ട. ഉദ്യോഗസ്ഥരാണ്. നേരത്തെ നേവിയിലായിരുന്ന വിജീഷ് അവിടെനിന്നു വിരമിച്ചശേഷമാണ് ബാങ്ക് ജോലിയില്‍ പ്രവേശിച്ചത്.
2002 മുതല്‍ 2017 വരെ നേവിയില്‍ പെറ്റി ഓഫീസര്‍ തസ്തികയിലായിരുന്നു വിജീഷ്. 2017 സെപ്റ്റംബറിലാണ് കൊച്ചിയിലെ സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രബേഷനറി ക്ലാര്‍ക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
തുടര്‍ന്നു പല ശാഖകളില്‍ ജോലി നോക്കിയ ശേഷമാണ് പത്തനംതിട്ടയിലെത്തിയത്. 2019 ഏപ്രില്‍ ഒന്നിന് സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിപ്പിച്ചു.
ബാങ്കിലെത്തിയാല് സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പതിവ് വിജീഷിനുണ്ട്. ഓഹരി വിപണി ഹരമായിരുന്നു. തട്ടിപ്പ് നടത്തിയ പണം ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുമൊക്കെയാണ് ഉപയോഗിച്ചതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന സിഐ ബിജീഷ് ലാല്‍ പറഞ്ഞു. പണം തിരികെ അടച്ചു പ്രശ്നം പരിഹരിക്കാമെന്നു വിജീഷ് സമ്മതിച്ചിട്ടുള്ളതായി പോലീസ് പറയുന്നു.
ബാങ്കില്‍ മറ്റൊരു ജീവനക്കാരന്റെ ഭാര്യയുടെ നിക്ഷേപം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. അന്നു പണം തിരിച്ച് അടച്ചു വിജീഷ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.