വെള്ളരിക്കുണ്ട്: കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പലരും ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതു കണ്ടാണ് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ നിധിന് മാത്യുവും കുപ്പികളില്‍ വരച്ചുതുടങ്ങിയത്.
ചിത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടത്തിനപ്പുറം ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല നിധിന്. സ്കൂളില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍ ഡ്രോയിംഗിലും മെറ്റല്‍ പെയിന്റിംഗിലും സമ്മാനങ്ങള്‍ നേടിയിരുന്നു.
ബിരുദം കഴിഞ്ഞ് ചെറിയ ജോലികള്‍ക്കൊക്കെ പോയിത്തുടങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. വെറുതേ വീട്ടിലിരിക്കുന്ന സമയത്താണ് ചിത്രകലയോടുള്ള താത്പര്യം വീണ്ടും പൊടിതട്ടിയെടുത്തത്.
ഏതാനും കുപ്പികളില്‍ വരച്ചുകഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസില്‍ വന്നത്.
അങ്ങനെയാണ് പുഴയില്‍നിന്നും മറ്റും കിട്ടുന്ന മിനുസമുള്ള ചെറിയ പാറക്കല്ലുകളില്‍ വരച്ചുതുടങ്ങിയത്.
ആദ്യമായി കല്ലില്‍ വരച്ചത് കുറേ മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ മഴയത്ത് കുടയും ചൂടി തന്റെ രാജകുമാരിയേയും കൂട്ടി നടന്നുനീങ്ങുന്ന രാജകുമാരന്റെ ചിത്രമായിരുന്നു.
അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുറേ ആശയങ്ങളും കാഴ്ചകളും കല്ലുകളില്‍ വരച്ചു.
പിന്നെയാണ് കല്ലുകളില്‍ മുഖങ്ങള്‍ വരച്ചാലോയെന്ന ആശയം വന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം മേയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാള്‍ദിനത്തില്‍ ലാലേട്ടന്റെ ഫോട്ടോ നോക്കി കല്ലില്‍ വരച്ചു.
അതിന് വ്യാപകമായ പ്രശംസ ലഭിച്ചതോടെ ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങള്‍ അഖിലിന്റെ കല്ലുകളില്‍ തിളങ്ങി.
വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ദേവാലയത്തിലെ അസി. വികാരി ഫാ. അഖിലിന്റെ മുഖം കല്ലില്‍ വരച്ചതുകണ്ട് കൊച്ചച്ചന് ഏറെ അത്ഭുതമായിരുന്നു.
ഡ്രീം ക്വീന്‍ സ്റ്റോണ്‍ ആര്‍ട്സ് എന്ന പേരില്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനലും നിധിന് തുടങ്ങിയിട്ടുണ്ട്.
ആദ്യം വരച്ച ചിത്രത്തിലെ രാജകുമാരിയുടെ പേരാണ് ചാനലിനും നല്‍കിയത്. പ്രശസ്തരും സാധാരണക്കാരുമുള്‍പ്പെടെ ഇനിയും ഏറെ പേരുടെ ചിത്രങ്ങള്‍ നിധിന്റെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്.
കൂരാംകുണ്ടിലെ ആലയില്‍ മാത്യുവിന്റെയും മിനിയുടെയും മകനാണ്. സഹോദരി നിഖിത.