1985ലെ ഒരു സായാഹ്നത്തിൽ ചെന്പൂരിലെ ഒരു മൈതാനത്തുനടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ കളിക്കാരനായി ഇറങ്ങിയതായിരുന്നു അബ്ദുൾ കുഞ്ഞ്.
കളി കാണാനെത്തിയവരുടെ കൂട്ടത്തിൽ ഷോർട്സും ടീഷർട്ടും സ്പോർട്സ് ഷൂസും ധരിച്ചെത്തിയ ഛോട്ടാ രാജനും കൂട്ടാളികളായ സഞ്ജയ് റഗ്ഗാദും സാധു വിജയും ഉണ്ടായിരുന്നു. കാണികളുടെ ആവേശത്തിമിർപ്പിനിടയിൽ അബ്ദുൽ കുഞ്ഞുവിന്റെ ബാറ്റിൽനിന്നും ബൗണ്ടറികളും സിക്സറുകളും പറന്നു.
ബൗണ്ടറി ലൈൻ കടന്നെത്തിയ പന്ത് എടുത്തു കൊടുക്കാനായി ഛോട്ടാ രാജനും മറ്റു രണ്ടുപേരും മൈതാനത്തിലേക്കു കയറിച്ചെന്നു. കുഞ്ഞുവിന്റെ അടുത്തെത്തിയ ഉടൻ പോക്കറ്റിൽനിന്നു കൈത്തോക്കെടുത്തു പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചു.
തുരുതുരാ വെടിയുണ്ടകളേറ്റു ക്രിക്കറ്റ് പിച്ചിൽത്തന്നെ കുഞ്ഞു മരിച്ചുവീണു. അധോലോകത്തെ മലയാളിപ്പോര് അങ്ങനെ അവസാനിച്ചു.
കൊലയ്ക്കു കൂലി
ബഡാ രാജനെ കൊലപ്പെടുത്തുന്നതിനു പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ഭീമമായ തുകയ്ക്കായി അബ്ദുൾ കുഞ്ഞിനും മഹേഷ് ധൊലാക്കിയയ്ക്കും പിന്നാലെ നടക്കുകയായിരുന്നു വാടകക്കൊലയാളിയായ ചന്ദ്രശേഖർ സഫാലിക.
അധോലോകത്തെ രീതികളും തന്ത്രങ്ങളുമൊന്നും വശമലില്ലാതിരുന്ന ഈ ഒാട്ടോ ഡ്രൈവർ സമർഥമായി കബളിപ്പിക്കപ്പെട്ടു. എന്നു മാത്രമല്ല, ബഡാ രാജൻ എന്ന അധോലക നേതാവിനെ കൊലപ്പെടുത്തുക വഴി സ്വന്തം ജീവനും അപകടത്തിലാക്കി.
ക്വട്ടേഷൻ നൽകിയവരോ വാക്കു പറഞ്ഞവരോ ആരും ഇയാളെ സഹായിക്കാനും എത്തിയില്ല. ആദ്യം നൽകിയ ഒരു ലക്ഷം രൂപയുടെ അഡ്വാൻസല്ലാതെ കാര്യമായി മറ്റൊന്നും രണ്ടു വർഷത്തോളമായിട്ടും സഫാലികയ്ക്കു ലഭിച്ചിരുന്നില്ല.
അതിനിടയിൽ ഛോട്ടാ രാജന്റെ സംഘാംഗങ്ങളെ പേടിച്ച് ഒളിത്താവളങ്ങൾ മാറിമാറി ജീവിക്കേണ്ട അവസ്ഥയിലുമായിരുന്നു.
വീണ്ടും ചതിയിൽ
അബ്ദുൾ കുഞ്ഞിന്റെ കാര്യം തീരുമാനമായതോടെ സഫാലികയുടെ ഭയം ഇരട്ടിച്ചു. കുറച്ചെങ്കിലും പണം കിട്ടിയാൽ നാടുവിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നായി അയാളുടെ ചിന്ത. അതിനായി ഒരിക്കൽകൂടി മഹേഷ് ധൊലാക്കിയയെ സമീപിച്ചു.
എന്നാൽ, വാഗ്ദാനംതന്ന അബ്ദുൾ കുഞ്ഞ് മരിച്ചതോടെ ഇനി ആ പണത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്ന മറുപടിയാണ് ധൊലാക്കിയയിൽനിന്നു ലഭിച്ചത്.
ഇതോടെ സഫാലിക ആകെ നിരാശനായി. പണം കിട്ടാനുള്ള എല്ലാ വഴികളും തനിക്കു മുന്നിൽ അടഞ്ഞെന്ന് അയാൾക്കു മനസിലായി.
ഇതോടെ സഫാലിക താനെ കേന്ദ്രമായി പ്രവർത്തിക്കുന്ന അബ്ദുൾ മജീദ് എന്ന ഗുണ്ടയുടെ സഹായം തേടി. എന്നാൽ, ഈ ഗുണ്ടയ്ക്കു ഛോട്ടാരാജൻ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നു സഫാലിക അറിഞ്ഞിരുന്നില്ല.
മജീദ് സഫാലികയെ താനെയിലെ ഒരു ബാറിലേക്കു ക്ഷണിച്ചുവരുത്തി. അബ്ദുൾ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമായിരുന്ന സാധുവിന്റെ ഉടമസ്ഥതയിലുള്ള ബാറിലേക്കാണ് മജീദ് സഫാലികയെ ക്ഷണിച്ചത്.
അവിടെവച്ച് ഇഷ്ടംപോലെ മദ്യം നൽകി അവശനിലയിലാക്കി. രാത്രിയിൽ അവിടെ തങ്ങാൻ നിർബന്ധിതനാക്കി.
(തുടരും).