കൊച്ചി: നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു ദുബായിലെത്തിച്ചശേഷം ജോലി നല്‍കാതെ പണം അപഹരിച്ചെന്ന കേസില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്.
എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍ ഏജന്സിക്കെതിരേയാണു ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഈ ഏജന്‍സി മുഖാന്തിരം ദുബായിലെത്തിയ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതി ലഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് വ്യക്തമാക്കി.
പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കും. പരാതി ഉയര്‍ന്ന സ്ഥാപനം നിലവില്‍ ലോക്ടൗണ്മൂലം അടച്ചിട്ടിരിക്കുകയാണ്. നിയമപരമായാണോ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളും പരിശോധിക്കും. പരാതിക്കൊപ്പം ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിരുന്നെങ്കിലും ഈ നമ്പര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
പണമിടപാട് കേസായതിനാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കൂവെന്നും പോലീസ് വ്യക്തമാക്കി.
കോവിഡ് വാക്സിനേഷന് ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്താണു നഴ്സുമാരെ റിക്രൂട്ട് ചെയ്തതെന്നാണു വിവരം. നിരവധി യുവതികള്‍ ജോലി ലഭിക്കാതെ ദുബായില്‍ കുടുങ്ങിയതായാണു സൂചന.
വേഗത്തില്‍ ജോലിയും കൂടുതല്‍ ശമ്പളവും സൗജന്യ താമസവുമടക്കം വാഗ്ദാനം ചെയ്താണു സ്ഥാപനം പണം വാങ്ങിതെന്നാണു വിവരം. പ്രാഥമിക അന്വേഷണം നടത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച വ്യക്തത വരുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.