കണ്ണൂര്‍: എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ ഉറപ്പായും മന്ത്രിയായി പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയെ പാര്‍ട്ടി തഴഞ്ഞതില്‍ ഞെട്ടി കേരളവും സിപിഎം പ്രവര്‍ത്തകരും.
ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കെ.കെ. ശൈലജയുടെ പ്രവര്‍ത്തനം കേരളീയ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അതുകൊണ്ടു തന്നെയാണ് തുടര്‍ഭരണം വന്നാല്‍ അവര്‍ വീണ്ടും മന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പു ഫലത്തിനു മുമ്പേ കേരളം ഉറപ്പിച്ചതും.
സിപിഎം മന്ത്രിപ്പട്ടികയില്‍ അവസാന നിമിഷം വരെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.കെ. ശൈലജയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനം തഴയുകയായിരുന്നു.
നിപ്പ, കോവിഡ് കാലങ്ങളിലും പ്രളയ ദുരന്തങ്ങളിലും ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ. ശൈലജ അന്തര്‍ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ ഭരണത്തെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയ പല ആരോപണങ്ങളുടെ മുനയൊടിക്കാനും പിടിച്ചുനില്‍ക്കാനും സര്‍ക്കാരും പാര്‍ട്ടിയും കവചമായി ഉപയോഗപ്പെടുത്തിയതും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇത്രയും മികച്ച നിലയിലാക്കിയെടുക്കുന്നതില് കെ.കെ. ശൈലജയുടെ പങ്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനം പരിഗണിച്ച് ഐക്യരാഷ്ട്ര സഭ യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ശൈലജയെ ക്ഷണിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിന് മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്രിട്ടനിലെ ഗാര്ഡിയന് പത്രം റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രിയെന്നായിരുന്നു പ്രശംസിച്ചത്.
ബിബിസി ന്യൂസിലും അന്താരാഷ്ട്രമാഗസിനായ ‘വോഗി’ലും മികച്ച മന്ത്രിയെന്ന നിലയില്‍ ഇടംപിടിച്ചിരുന്നു. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന് 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിലായിരുന്നു കെ.കെ. ശൈലജയെ ഉള്‍പ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം സിപിഎം തെരഞ്ഞെടുപ്പ് മികച്ച പ്രചാരണായുധമാക്കി ഉപയോഗിച്ചിരുന്നു.
മട്ടന്നൂരില്‍ നിന്ന് 60,963 വോട്ടുകളുടെ ഭൂരിപക്ഷം നേടി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ശൈലജ വിജയിച്ചത്. 2016ല്‍ ഇവിടെനിന്നു ജയിച്ചു മന്ത്രിയായ ഇ.പി. ജയരാജന്റെ റിക്കാര്‍ഡാണ് അതേ മണ്ഡലത്തില്‍ ശൈലജ തിരുത്തിയത്.
1996ല്‍ കൂത്തുപറമ്പില്‍ നിന്നു കന്നിയങ്കത്തില്‍ നിയമസഭയിലെത്തിയ ശൈലജ 2006ല്‍ പേരാവൂരില്‍ നിന്നായിരുന്നു മത്സരിച്ചു ജയിച്ചത്.
ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ മാനദണ്ഡ പ്രകാരമുള്ള നിര്‍ദേശാനുസരണമാണ് ശൈലജയെ ഒഴിവാക്കിയതെന്നു നേതൃത്വം പറയുമ്പോഴും ഇതുപൂര്ണമായി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കഴിഞ്ഞിട്ടില്ല.
കെ.കെ. ശൈലജയെ തഴഞ്ഞതിനു പിന്നില്‍ വലിയ ഒരു കളി നടന്നിട്ടുണ്ടെന്നാണ് ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും കരുതുന്നത്.
അതേ സമയം ഇതു സംബന്ധിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും പാർട്ടി നല്കിയ കര്‍ശന നിര്‍ദേശം.
ഇതോടൊപ്പം കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന കണ്ണൂരിന്റെ “സ്വാധീനവും’ വെട്ടിനിരത്തപ്പെട്ടു. ആദ്യ പിണറായി മന്ത്രി സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ കണ്ണൂരില്‍നിന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗങ്ങായ ഇ.പി. ജയരാജന്, കെ.കെ.ശൈലജ, കോണ്‍ഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ മന്ത്രിമാരായിരുന്നു. ഇതില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.
ജയരാജനു പകരമായി എം.വി. ഗോവിന്ദന് മന്ത്രിയാകുമെങ്കിലും തുറുമുഖ-പുരാവസ്തു മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന് ആദ്യടേമില്‍ മന്ത്രിസ്ഥാനം ലഭിക്കില്ലെന്നാണ് വിവരം.
കോഴിക്കോട് എലത്തൂരില്‍നിന്നും വിജയിച്ച എന്‍സിപിയുടെ മന്ത്രിസ്ഥാനം വീണ്ടും ലഭിക്കുന്ന എ.കെ. ശശീന്ദ്രന് കണ്ണൂര്‍ സ്വദേശിയാണ്.
നിശാന്ത് ഘോഷ്