കടുത്തുരുത്തി: ലോക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റിയ സംഘത്തെ എക്സൈസ് പിടികൂടി. മുളക്കുളം ചെല്ലാനിരപ്പ് കേന്ദ്രീകരിച്ചു ചാരായം വാറ്റി വില്‍ക്കുന്ന സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്.
ലോക്ഡൗണില്‍ മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്ത് ചാരായം വാറ്റി വില്‍പ്പന നടത്തി വരികയായിരുന്നു. ഒന്നര ലിറ്റര്‍ ചാരായവും 52 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പ്ലാസ്റ്റിക് കന്നാസുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ എന്നിവയുമായാണ് സംഘത്തെ പിടികൂടിയത്.
മുളക്കുളം തെക്കേക്കര കരയില്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എം. മനോജ് (39), മുളക്കുളം തെക്കേക്കര കരയില്‍ തെറ്റാലി പറമ്പില്‍ വീട്ടില്‍ ടി.കെ. പ്രതീഷ് ( 39) എന്നിവരാണ് പിടിയിലായത്.
പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ഹരീഷ് ചന്ദ്രന്, ആനന്ദരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ തോമസ് ചെറിയാന്, പ്രജീഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സുമിതാമോള്‍, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ പറ്റി എക്സൈസ് വകുപ്പിന് വിവരം നല്കുവാന് 94000 69522 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.