മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മർകുട്ടി (41) യാണ് 967 ഗ്രാം സ്വർണവുമായി പിടിയിലായത്.
ഇന്നലെ രാത്രി ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഉമ്മർ കുട്ടി. കസ്റ്റംസിന്റെ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം 1,067 ഗ്രാമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 967 ഗ്രാം സ്വർണമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സുപ്രണ്ട് നന്ദകുമാർ, ഇൻസ്പെക്ടർമാരായ യഥുകൃഷ്ണ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.