റെനീഷ് മാത്യു
കണ്ണൂർ: മന്ത്രിസഭയിൽ ഇക്കുറി കണ്ണൂരിന് പ്രാതിനിധ്യം കുറവാണെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ കണ്ണൂർ ലോബിക്ക് തന്നെ.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇക്കുറി ഭരണത്തിന് ചുക്കാൻ പിടിക്കും.
സ്ഥാനാർഥി നിർണയം തൊട്ട് മന്ത്രിസഭയിലേക്കുള്ള പുതുമുഖങ്ങളെ തീരുമാനിച്ചതുവരെ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
കൂടാതെ, ഇവർക്കൊപ്പം തളിപ്പറന്പിൽ നിന്നു നിയമസഭയിലെത്തിയ പിണറായിയുടെ വിശ്വസ്തൻ എം.വി. ഗോവിന്ദനും കൂടെയുണ്ട്.
ശൈലജയെ മന്ത്രി സ്ഥാനത്ത് പരിഗണിക്കുന്നതിൽ ഇവരുടെ പിന്തുണയില്ലായിരുന്നു. കണ്ണൂരിൽ നിന്നു പി.ജയരാജനും എം.വി.ജയരാജനും മാത്രമാണ് ശൈലജ മന്ത്രിയാകുന്നതിൽ പിന്തുണച്ചത്.
കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്ന് ഇ.പി. ജയരാജൻ, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ എന്നിവർ മന്ത്രിസഭയിലെത്തിയിരുന്നു.
പ്രമുഖ വകുപ്പുകളായിരുന്നു ഇവർ കൈകാര്യം ചെയ്തിരുന്നത്. പിണറായി-ഇ.പി-ഷൈലജ ടീമിന്റെ നേതൃത്വത്തിലായിരുന്നു ഭരണം.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും കെ.ടി. ജലീലിന്റെ വൈകിയുള്ള രാജി സംബന്ധിച്ചും ഇ.പി. ജയരാജനും പിണറായിയുമായി അകലുകയായിരുന്നു.