തിരുവനന്തപുരം: 23ന് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ.
കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യുനമർദം അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി മാറുമെന്നും തുടർന്നു ചുഴലിക്കാറ്റായി പരിണമിക്കുമെന്നാണ് വിലയിരുത്തൽ.
തീവ്രന്യൂനമർദം ചുഴലിക്കാറ്റായാൽ അത് യാസ് എന്ന പേരിലാകും അറിയപ്പെടുക. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയെങ്കിലും പടിഞ്ഞാറൻ തീരദേശമാകെ ഇപ്പോഴും ആശങ്കയുടെ നിഴലിലാണ്.
മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം.
യാസ് ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല. വടക്കോട്ടു സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാം. അതേ സമയം യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
25 മുതൽ തെക്കൻ കേരളത്തിൽ ആരംഭിക്കുന്ന മഴ പിന്നീട് വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കും.