കെ.ഷിന്റുലാല്‍
കോഴിക്കോട് : ട്രെയിനുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് ക്രിമിനല്ലിസ്റ്റ് തയാറാക്കുന്നു.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം, മോഷണം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിലുള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക തയാറാക്കുന്നത്.
ഇതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് കേസുകളിലുള്‍പ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയും ജീവിതരീതിയും എല്ലാം അന്വേഷിക്കും.
ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങിയവരും ജാമ്യത്തിലിറങ്ങിയവരുമെല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെടും. ഇത്തരക്കാരുടെ പൂര്‍ണവിവരങ്ങള്‍ സഹിതമാണ് ഓരോ സ്റ്റേഷനിലും ക്രിമിനല്‍ ലിസ്റ്റ് തയാറാക്കുന്നത്.
റെയില്‍വേ എസ്പി രാജേന്ദ്രന്റെ നിര്‍ദേശാനുസരണമാണ് ക്രിമിനല്‍ ലിസ്റ്റ് പുതുക്കി തയാറാക്കുന്നത്.
നേരത്തെ തന്നെ റെയില്‍വേ പോലീസ് ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കുറ്റകൃത്യം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചവര്വരെ പഴയ പട്ടികയില്‍ ‘സജീവമായിരുന്നു’.
ഓരോ റെയില്‍വേ പോലീസ് പരിധിയിലുമുള്ള പ്രതികളുടെ വീടുകളില്‍ പോലീസുദ്യോഗസ്ഥര്‍ നേരിട്ട് വിവരശേഖരണം നടത്തുന്നുണ്ട്
നാര്‍കോട്ടിക് ,ഇന്റലിജന്‍സ് സ്ക്വാഡ് സജീവം
കോഴിക്കോട്: ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും ലഹരിക്കടത്തും തടയുന്നതിനായി നാര്‍കോട്ടിക്, ഇന്റലിജന്‍സ് സ്ക്വാഡുകള്‍ രംഗത്ത്.
യുവാക്കളായ പോലീസുകാരെ ഉള്‍പ്പെടുത്തിയാണ് രണ്ട് സ്ക്വാഡുകളും രൂപീകരിച്ചത്. മഫ്തിയിലും മറ്റും സ്ക്വാഡംഗങ്ങള്‍ ട്രെയിനുകളില്‍ പരിശോധന തുടരുന്നുണ്ട്.
നിലവില്‍ സംസ്ഥാനത്തു കൂടി നാമമാത്രമായ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളില്‍ മുഴുവന്‍ സമയവും സ്ക്വാഡംഗങ്ങള്‍ പരിശോധനയ്ക്കായി രംഗത്തുണ്ട്.
സംശയം തോന്നുന്നവരെ വിശദമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയും സ്ക്വാഡംഗങ്ങള്‍ ട്രെയിനുകളില്‍ നിലയുറപ്പിക്കുന്നുണ്ട്.
കഞ്ചാവ്, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടികൂടാന്‍ ഇത്തരത്തിലുള്ള നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ എസ്പി രാജേന്ദ്രന് അറിയിച്ചു.
ഇതിനു പുറമേ റെയില്‍വേ പോലീസ് സ്റ്റേഷനിലുള്ളവര്‍ അതത് സ്ഥലങ്ങളിലെ പ്രധാനപ്പെട്ട് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നുണ്ട്.