തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേൽക്കുന്നത്.
ഉച്ചകഴിഞ്ഞു 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങ്.
കോവിഡ് വ്യാപനവും തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗണും നിലവിലിരിക്കുന്പോൾ 500 പേരെ പങ്കെടുപ്പിച്ചു സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ നടപടി ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ചടങ്ങിൽനിന്നു വിട്ടുനിൽക്കും. സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഗവർണർക്കു പരാതി നൽകി.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനിൽ ചായസത്കാരവും തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയിൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.
സത്യപ്രതിജ്ഞ തത്സമയം കാണാൻ സൗകര്യം
പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ് കേരള സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കുന്നു.
സത്യപ്രതിജ്ഞ കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ് (facebook .com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് (facebook.com/CMOkerala), ഐപിആർഡി കേരള യു ട്യൂബ് ചാനൽ (youtube.com/iprdk erala), കേരളസർക്കാർ വെബ്സൈറ്റ് (kerala.gov.in) പിആർഡി ലൈവ് മൊബൈൽ ആപ് എന്നിവ വഴി വീക്ഷിക്കാനാകും.
വകുപ്പുകളിൽ ധാരണ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ധനവകുപ്പ് കെ.എൻ.ബാലഗോപാലിനും വ്യവസായം പി. രാജീവിനും വിദ്യാഭ്യാസം വി. ശിവൻകുട്ടിക്കും കെ.കെ. ശൈലജ കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് വീണ ജോർജിനും ലഭിക്കും.
കേരള കോണ്ഗ്രസ്-എമ്മിനു ജലവിഭവവും ജനാധിപത്യ കേരള കോണ്ഗ്രസിനു ഗതാഗത വകുപ്പും നൽകി. ഇടതുമുന്നണിയിലെ പാർട്ടികൾ തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടിമന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചതായാണു വിവരം. സിപിഎം സെക്രട്ടേറിയറ്റിനു ശേഷം സിപിഐ അടക്കമുള്ള ഘടകകക്ഷി പാർട്ടികളുമായി സിപിഎം നടത്തിയ ചർച്ചയിൽ അവരുടെ വകുപ്പുകളും തീരുമാനമായിട്ടുണ്ട്.
സിപിഐയുടെ വകുപ്പുകളിൽ കഴിഞ്ഞ ദിവസം തന്നെ ധാരണയായിരുന്നു. സിപിഐ വിട്ടുനൽകിയ വനം വകുപ്പ് എൻസിപിക്കു നൽകിയതായാണു സൂചന.
മന്ത്രിസ്ഥാനം ലഭിച്ച ചെറിയ പാർട്ടികൾക്കെല്ലാം മികച്ച വകുപ്പുകൾ തന്നെയാണു സിപിഎം നൽകിയത്. മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്നലെ മൂന്നു മണിക്കൂറിനുള്ളിൽ ഇടതുമുന്നണിക്കു ധാരണയിലെത്താനായി.
സിപിഎം,സിപിഐ ഒഴികെയുള്ള പാർട്ടികൾ തങ്ങൾക്കു ലഭിച്ച വകുപ്പുകളെ സംബന്ധിച്ച് ഇന്നലെ വ്യക്തമാക്കാൻ തയാറായില്ല. സിപിഎം കൈവശം വച്ചിരുന്ന വൈദ്യുതി വകുപ്പ് ജനതാദൾ-എസിനു നൽകി.
ജനതാദൾ-എസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് കേരള കോണ്ഗ്രസ്-എമ്മിനും നൽകി. കഴിഞ്ഞ തവണ എൻസിപിയുടെ വകുപ്പായിരുന്ന ഗതാഗതം ഇക്കുറി ജനാധിപത്യ കേരള കോണ്ഗ്രസിനു നൽകി.
കേരള കോണ്ഗ്രസ്-ബിയുമായാണു ജനാധിപത്യ കേരള കോണ്ഗ്രസ് മന്ത്രിസ്ഥാനം പങ്കിടുന്നത്. വർഷങ്ങളായി ഇടതുമുന്നണിക്കൊപ്പമായിരുന്നെങ്കിലും ഇതാദ്യമായി മന്ത്രിസ്ഥാനം ലഭിച്ച ഐഎൻഎല്ലിനു തുറമുഖ-മ്യൂസിയം വകുപ്പു ലഭിച്ചു.
കോണ്ഗ്രസ്-എസുമായാണു ഐഎൻഎൽ മന്ത്രിസ്ഥാനം പങ്കിടുന്നത്.
മന്ത്രിമാരും വകുപ്പുകളും
സിപിഎം
• പിണറായി വിജയൻ മുഖ്യമന്ത്രി -ആഭ്യന്തരം, വിജിലൻസ്, പൊതുഭരണം, ഐടി,പരിസ്ഥിതി
• എം.വി.ഗോവിന്ദൻ-തദ്ദേശം, എക്സൈസ്
• കെ.രാധാകൃഷ്ണൻ-ദേവസ്വം, പിന്നാക്കക്ഷേമം
• കെ.എൻ. ബാലഗോപാൽ -ധനകാര്യം
• പി. രാജീവ് -വ്യവസായം, നിയമം
• വി.എൻ.വാസവൻ-സഹകരണം, രജിസ്ട്രേഷൻ
• സജി ചെറിയാൻ-ഫിഷറീസ്, സാംസ്കാരികം
• വി. ശിവൻകുട്ടി -വിദ്യാഭ്യാസം, തൊഴിൽ
• മുഹമ്മദ് റിയാസ് -പൊതുമരാമത്ത്,ടൂറിസം
• ഡോ.ആർ.ബിന്ദു – ഉന്നതവിദ്യാഭ്യാസം
• വീണ ജോർജ് -ആരോഗ്യം
• വി.അബ്ദു റഹ്മാൻ-ന്യൂനപക്ഷക്ഷേമം,പ്രവാസികാര്യം
സിപിഐ
• കെ. രാജൻ-റവന്യു
• പി. പ്രസാദ്-കൃഷി
• ജി.ആർ. അനിൽ-ഭക്ഷ്യം, പൊതുവിതരണം
• ജെ. ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം
മറ്റു ഘടകകക്ഷികളിലെ മന്ത്രിമാരും വകുപ്പുകളും
• റോഷി അഗസ്റ്റിൻ (കേരള കോണ്ഗ്രസ്-എം) – ജലവിഭവം
• കെ.കൃഷ്ണൻകുട്ടി (ജനതാദൾ-എസ്) -വൈദ്യുതി
• എ.കെ.ശശീന്ദ്രൻ (എൻസിപി)- വനം
• ആന്റണി രാജു (ജനാധിപത്യ കേരള കോണ്ഗ്രസ്) -ഗതാഗതം
• അഹമ്മദ് ദേവർ കോവിൽ (ഐഎൻഎൽ)- തുറമുഖം, മ്യൂസിയം