തിരുവനന്തപുരം: മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുതിയ രോഗമല്ല. 2019ൽ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
വളരെ അപൂർവമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാൽ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല.
പ്രമേഹമുള്ളവർ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കണം. ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
നേരത്തേ തന്നെ ലോകത്തിൽ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു.
ഒരു ലക്ഷം ആളുകളിൽ 14 പേർക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയിൽ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവിൽ അപകടകാരിയായി മാറുന്നത്.
കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മഹാരാഷ്ട്രയിൽ കോവിഡുമായി ബന്ധപ്പെട്ടു ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുന്പോൾ ഈ രോഗം ഗുരുതരമായി പിടിപെടാം.
മഹാരാഷ്ട്രയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്.
രണ്ടാമത്തെ തരംഗത്തിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഘട്ടത്തിൽ കുടുതൽ ജാഗ്രത കാട്ടേണ്ടതുണ്ട്.
പ്രമേഹ രോഗമുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.