ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുമായി പോയി ആസാമിലും പശ്ചിമ ബംഗാളിലും ബിഹാറിലും ഒഡീഷയിലും കുടുങ്ങിക്കിടക്കുന്ന നാനൂറോളം മലയാളി ബസ് ഡ്രൈവർമാർക്കും സഹായികൾക്കും തുണയായതു കത്തോലിക്കാ സഭയും മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും അടക്കം ചുരുക്കം പേർ.
കേരളത്തിലേക്കു മടങ്ങാൻ മാർഗമില്ലാതെ ഒരു മാസമായി ബംഗാളിലും ആസാമിലും കഴിയുന്ന പലർക്കും കോവിഡ് രോഗം കൂടി ബാധിച്ചതോടെ സ്ഥിതി വഷളായി.
ആസാം, ബംഗാൾ, ബിഹാർ സർക്കാരുകളുടെ സഹകരണത്തോടെ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ കേരള സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം വഷളാകുമെന്നു ഡ്രൈവർമാർ പറഞ്ഞു.
കൂടുതൽ മലയാളികൾക്ക് ഇന്നലെ ആസാമിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതു പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നു ഡ്രൈവർമാരുടെ സഹായത്തിനെത്തിയ ഫാ. ഷെൽഡൻ ഒഎസ്ജെ ദീപികയോടു പറഞ്ഞു.
കത്തോലിക്കാ സഭയുടെ ഗോഹട്ടിയിലെ സിബിസിഐ മേഖലാ കേന്ദ്രത്തിന്റെ സഹായത്തോടെ സഭയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങൾ വഴി പലയിടത്തും ഡ്രൈവമാർക്ക് അരി, ഗോതന്പ്, പയർവർഗങ്ങൾ, പച്ചക്കറികൾ അടക്കം ഭക്ഷണവസ്തുക്കൾ, വെള്ളം, സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ എത്തിച്ചു നൽകുന്നുണ്ട്.
സൗകര്യങ്ങൾ ഒന്നുമില്ലാത്തതും പണമില്ലാത്തതും മൂലം വലിയ കഷ്ടതയിലാണ് മലയാളി ഡ്രൈവർമാർ. ആസാമിലെ മോരിഗോണ് ജില്ലയിലുള്ളവരിൽ മൂന്നു മലയാളികൾക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്തതും ലോക്ഡൗണ്‍ തുടരുന്നതും മൂലം തിരികെ കേരളത്തിലേക്കു വരാൻ തൊഴിലാളികൾ തയാറാകാത്തതു ബസുടമകളെയും ജീവനക്കാരെയും വെട്ടിലാക്കി.
കോവിഡും റമദാൻ അവധിയും പ്രമാണിച്ചാണു കൂടുതൽ തൊഴിലാളികൾ പ്രത്യേക ബസുകളിൽ സ്വന്തം നാടുകളിലേക്കു പോയത്. റമദാൻ കഴിയുന്പോൾ തിരികെ വരാൻ തൊഴിലാളികളെ കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ബംഗാൾ, ഒഡീഷ, തമിഴ്നാട്, കേരളം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നീളുന്നത് പ്രശ്നം രൂക്ഷമാക്കിയെന്ന് ഗോഹട്ടിയിലുള്ള ഫാ. ടോം മങ്ങാട്ടുതാഴെ പറഞ്ഞു.
ആസാമിലെ നാഗോണ്‍, മോരിഗോണ്, സോനിപുർ, ധരാൻ, കാംരൂപ് തുടങ്ങിയ ജില്ലകളിലും ഗോഹട്ടി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ബംഗാളിലെ ഡോംകൽ, ബിഹാറിലെ കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലുമാണു മലയാളികളുടെ കൂടുതൽ ടൂറിസ്റ്റ് ബസുകളും ജീവനക്കാരും കുടുങ്ങിയത്.
പുതിയ ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വാസ് ശർമ ഇടപെട്ടതിനെ തുടർന്ന് ആസാമിലെ വിവിധ ജില്ലകളിൽ ചൊവ്വാഴ്ച മുതൽ സൗജന്യ റേഷനും മറ്റും നൽകിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചുമതലയേറ്റ മോരിഗോണിലെ ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ അപർണ നടരാജൻ നേരിട്ടെത്തിയത് മലയാളി ഡ്രൈവർമാർക്കു വലിയ ആശ്വാസമായി.
മലയാളത്തിൽ എസ്പിയോടു പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായെന്നു ഡ്രൈവർമാരിൽ ഒരാളായ ബാബുരാജ് പറഞ്ഞു. നാഗോണിലെ പുതിയ എസ്പി ആനന്ദ് മിശ്രയും നാഗോണ്‍ ബസ് സ്റ്റാൻഡിലെത്തി മലയാളികളുമായി സംവദിച്ചു.
മലമൂത്ര വിസർജനത്തിനു പോലും മാന്യമായ ശുചിമുറികളോ, സൗകര്യങ്ങളോ തങ്ങൾക്കില്ലെന്നു മലയാളികൾ ചൂണ്ടിക്കാട്ടി. കോവിഡ് രോഗവ്യാപന ഭീഷണിയും രൂക്ഷമാവുകയാണ്.
കേരളത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ ഓരോ ബസിനും ഒരു ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നു ഡ്രൈവർമാർ പറഞ്ഞു. 65,000-70,000 രൂപ ഡീസൽ ചെലവുണ്ട്.
ടോളുകൾ, വിവിധ സംസ്ഥാനങ്ങളിലെ എൻട്രി ചാർജുകൾ, യാത്രാമധ്യേ പോലീസുകാർക്കും മറ്റും കൊടുക്കേണ്ടിവരുന്ന കൈക്കൂലി, ഭക്ഷണം അടക്കമുള്ള ചെലവുകൾ വേറെയും.
ഇടനിലക്കാരുടെയും യാത്ര തരപ്പെടുത്തിയ ട്രാവൽ ഏജൻസിയുടെയും ചൂഷണവുമുണ്ട്. നാലു ദിവസം നീളുന്ന 3,500- 4,000 കിലോമീറ്റർ യാത്രയ്ക്കായി ഓരോ തൊഴിലാളിയിൽനിന്നും 3,000- 3,500 രൂപ വരെയാണ് ഈടാക്കിയിരുന്നത്.
തിരികെ പോകാൻ ബസ് നിറയെ യാത്രക്കാരെ കിട്ടിയില്ലെങ്കിൽ വലിയ നഷ്ടം വരുമെന്നതിനാലാണ് ആഴ്ചകളായി അന്യനാട്ടിൽ ഗതിയില്ലാതെ കഴിയുന്നത്.
കഴിഞ്ഞ വർഷം മാർച്ചിലെ ദേശീയ ലോക്ഡൗണ്‍ മുതൽ തൊഴിലാളികളെയുംകൊണ്ടു ബംഗാളിലും ആസാമിലും ബിഹാറിലും പലതവണ പോയി തിരിച്ചുവന്നിട്ടുള്ളവരാണ് ഡ്രൈവർമാരിലേറെയും.
എന്നാൽ ഇത്തരത്തിൽ ഒരു ഗതികേട് ആദ്യമായാണ്. തുടക്കത്തിൽ നാനൂറോളം ബസുകൾ ഉണ്ടായിരുന്നെങ്കിലും കിട്ടിയ 10-20 യാത്രക്കാരുമായി ചില ബസുകൾ നാട്ടിലേക്കു മടങ്ങി. ഇനിയും മുന്നൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ജോർജ് കള്ളിവയലിൽ