മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനത്തിനു കാരണം 5ജി പരീക്ഷണങ്ങളാണെന്ന മട്ടിലുള്ള വ്യാജപ്രചാരണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(സിഒഎഎെ) രംഗത്ത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്ന് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ നീക്കാൻ നടപടിയെടുക്കണമെന്നും സിഒഎഎെ ടെലികോം മന്ത്രാലയത്തിനയച്ച കത്തിൽ ആവശ്യപ്പെടുന്നു.
“5ജി ശംഖല രാജ്യത്ത് ഇതുവരെ സ്ഥാപിതമായിട്ടില്ല. അതിനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളു.
എന്നിട്ടും രാജ്യത്തുള്ള 5ജി ടവറുകളിൽനിന്നാണു കൊറോണ വൈറസ് പകരുന്നതെന്നുള്ള നിരവധി ശബ്ദ, വീഡിയോ സന്ദേശങ്ങളാണു പ്രചരിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ മൊബൈൽ ടവറുകൾ നശിപ്പിക്കണമെന്നുപോലും പല സന്ദേശങ്ങളിലും പറയുന്നു’’- സിഐ ഡയറക്ടർ ജനറൽ എസ്.പി. കൊച്ചാർ പറഞ്ഞു.
അതേസമയം 5ജി ട്രയൽ കോവിഡ് വ്യാപനത്തിനു കാരണമാകുന്നുവെന്നുള്ള സന്ദേശങ്ങൾ ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും വ്യാജവുമാണെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നറിയിച്ചിരുന്നു. റിലയൻസ് ജിയോ. ഭാരതിഎയർടെൽ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ കന്പനികളാണു സിഒഎഐയിലെ അംഗങ്ങൾ.