മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്നു അറബിക്കടലിൽ ബാർജ് അപകടത്തിൽപ്പെട്ട് 22 പേർ മരിച്ചു.
മുംബൈ തീരത്തുണ്ടായ അപകടത്തിൽ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരിച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു.
വരപ്രദ എന്ന ടഗ്ബോട്ടിൽനിന്നു രണ്ടുപേരെയും രക്ഷപ്പെടുത്തി. മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെത്തുടർന്ന് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്.
നാവികസേന രക്ഷപ്പെടുത്തിയ 125 പേരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചി ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി.
മൃതദേഹങ്ങളും ഈ കപ്പലിലാണ് എത്തിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും പി 81 ഹെലികോപ്റ്ററുകളുമുൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
എസ്എസ്- മൂന്ന് ബാർജിലുള്ള 196 പേരും സാഗർഭൂഷൺ എണ്ണ പര്യവേഷണക്കപ്പലിലുള്ള 101 പേരും സുരക്ഷിതരാണെന്നു നാവികസേന അറിയിച്ചു.
രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ മാത്രമാണു വെല്ലുവിളി. അതിനിടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷണം നടത്തി.
ഉന, ദിയു, ജാഫറാബാദ്, മഹുവ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി ആകാശമാർഗം നിരീക്ഷണം നടത്തിയത്. അഹമ്മദാബാദിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നു.