കേരളത്തെ ഭയപ്പെടുത്തി കടന്നു പോയ ടൗട്ടെയ്ക്കും പിന്നാലെ ഒരു ചുഴലിക്കാറ്റ് കൂടി രൂപമെടുക്കുന്നു. യാസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും കേരളത്തിനു പുറത്തുകൂടിയാണ്.
എന്നാല്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അതു കഴിഞ്ഞാല്‍ വൈകാതെ സംസ്ഥാനത്തു മണ്‍സൂണ്‍ പെയ്തുതുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ 23-നു ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു.
അത് തുടര്‍ന്നുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാനിടയുണ്ട്. 26-നു വൈകിട്ട് യാസ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞുവീശും.
ന്യൂനമര്‍ദത്തിന്റെ ശക്തിയില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കും. അതു മണ്‍സൂണിനെ വേഗത്തില്‍ കരയിലേക്ക് അടുപ്പിക്കും. ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള മഴ തീരുന്നതിനു തൊട്ടുപിന്നാലെ മണ്‍സൂണെത്തും.
മണ്‍സൂണ്‍ 31-ന് കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചത്. പുതിയ ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ മണ്‍സൂണ്‍ അതിലും വേഗമെത്താന്‍ സാധ്യത തെളിഞ്ഞു.
25-ഓടെ മണ്‍സൂണ്‍ എത്തുമെന്നാണു പ്രതീക്ഷ. ന്യൂനമര്‍ദത്തിന്റെ പിന്‍ബലത്തോടെ എത്തുന്ന മണ്‍സൂണ്‍ മഴയുടെ തുടക്കം ശക്തമായിരിക്കും.