ജോമി കുര്യാക്കോസ്
കോട്ടയം: ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സഹകാരിയാണ് എക്കാലവും വി.എൻ. വാസവൻ. ദുരിതവും ദുരന്തങ്ങളുമുണ്ടായാൽ രക്ഷാപ്രവർത്തകനായി വാസവനുണ്ടാകും.
ദുരിതമുഖങ്ങളിൽ ഓടിയെത്തി അനിവാര്യമായ ഇടപെടലുകൾ നടത്തുന്നതിൽ കമ്യൂണിസ്റ്റുകാരനായ വാസവൻ രാഷ്ട്രീയം നോക്കാറില്ല.
ജീവിതത്തിൽ നിരവധി മത്സരങ്ങളെയും വെല്ലുവിളികളെയും വാസവൻ അതിജീവിച്ചിട്ടുണ്ട്. തോൽവികളിൽ പതറാത്ത മുന്നേറ്റത്തിലൂടെ സഹകരണവകുപ്പിന്റെ മന്ത്രിപദവിയിലെത്തിയിരിക്കുന്നു.
ജീവിതം തന്നെ വിഎൻവിക്ക് മത്സരങ്ങളുടേതാണ്. ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും അജയ് തറയിലും ലോക്സഭയിൽ തോമസ് ചാഴികാടനും എതിരേ മത്സരങ്ങൾ.
2006ൽ കോട്ടയം മണ്ഡലത്തിൽ അജയ് തറയിലിനെതിരെ വിജയിച്ച് ജനകീയതയിലും സഹകരണത്തിലും തിളങ്ങി. ഇത്തവണ ഏറ്റുമാനൂരിൽനിന്നാണ് നിയമസഭയിലെത്തുന്നത്.
പാന്പാടിയിൽനിന്നാണ് വാസവന്റെ പ്രയാണം. പുതുപ്പള്ളി അതിരിടുന്ന പള്ളിക്കത്തോട്, അകലക്കുന്നം, അയർക്കുന്നം മേഖലയിലായിരുന്നു വാസവൻ ഇടതു സംഘടനാ പ്രവർത്തനത്തിൽ തുടക്കമിട്ടത്.
1980 കളിൽ പാന്പാടിയിൽ ചെത്തുതൊഴിലാളി യൂണിയന്റെ ചുമതലക്കാരനും സിഐടിയു നേതാവുമായി. പാർട്ടി ഓഫീസിൽ താമസമാക്കി വാസവൻ സിഐടിയുവിനു കരുത്തു പകർന്നു.
തുടർന്ന് സഹകരണപ്രസ്ഥാനത്തിലൂടെ സംസ്ഥാന സഹകരണബാങ്കിന്റെ നേതൃനിരയിലെത്തി. സഹകരണ കണ്സോർഷ്യം രൂപീകരിച്ച് റബ്കോയുടെ രൂപീകരണത്തിനും നേതൃത്വം നൽകി. പാന്പാടിയിൽ റബ്കോ കൊയർ മാട്രിസ് ഫാക്ടറി വാസവൻ തുടക്കമിട്ട സംരംഭമാണ്.
സിഐടിയു ജില്ലാ പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സിപിഎം ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലെത്തി. 1978ൽ ഏതാനും തൊഴിലാളികളിലെ സംഘടിപ്പിച്ച് വാസവൻ പാന്പാടിയിൽ തുടങ്ങിയ മേയ്ദിന റാലി നാലു പതിറ്റാണ്ട് പിന്നിടുന്നു.
പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടുമൊക്കെ മേയ്ദിനത്തിൽ പാന്പാടിയിൽ വിശിഷ്ടാതിഥികളായി. കോട്ടയത്ത് സംസ്ഥാന സ്കൂൾ കലോത്സവവും സിപിഎം സംസ്ഥാന സമ്മേളനവുമൊക്കെ നടത്തി വാസവൻ സംഘാടകത്വം തെളിയിച്ചു.
ഐങ്കൊന്പ് ബസ് ദുരന്തം, പുല്ലുമേട് ദുരന്തം, മഹാപ്രളയം, കോവിഡ് മഹാവ്യാദി തുടങ്ങി നിരവധിയായ പ്രശ്നങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുടെ മുൻനിരക്കാരനായി വാസവനുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജിന്റെ വികസനത്തിലും വാസവന്റെ സഹകരണവും ഇടപെടലുകളും വലുതാണ്.
അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാനായി രോഗികൾക്ക് ആഹാര വിതരണം ഉൾപ്പെടെ മേൽനോട്ടം നൽകി വരുന്നു. രാഷ്ട്രീയത്തിലേതുപോലെ കർക്കശമാണ് വാസവന്റെ ശൈലി.
വെടിപ്പുള്ള വെള്ളവസ്ത്രം, യോഗ, കട്ടൻചായ, ഗോതന്പുകഞ്ഞി തുടങ്ങിയ നിഷ്ടകൾ. ഏതു തിരക്കിനിടയിലും ആഴ്ചയിലൊരു പുസ്തകം മുടങ്ങാതെ വായിക്കുന്ന ശീലത്തിനു മാറ്റമില്ല.
കോട്ടയം പാന്പാടി ഹിമ ഭവനിൽ കുടുംബസമേതം താമസം. ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച ഗീതയാണു ഭാര്യ. മക്കൾ: ഡോ. ഹിമാ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ. കൊച്ചുമകൻ: ഹയാൻ നന്ദകുമാർ.