അഞ്ചല്‍ : കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന ദളിത് യുവതി വീട്ടില്‍ വീട്ടില്‍ പ്രസവിച്ചു.
ചെങ്ങറ ഭൂസമരം പാക്കേജില്‍ ഉള്‍പ്പെടുത്തി കൊല്ലം അരിപ്പയില്‍ ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന 20 കാരിയാണ് വീട്ടില്‍ പ്രസവിച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ ബുധനാഴ്ച രാവിലെ യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ഷഫീക് ചോഴിയക്കൊടിനെ അറിയിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനാല്‍ പിപിഇ കിറ്റ് അടക്കം ധരിച്ചു ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സജീകരണങ്ങള്‍ എല്ലാം ഒരുക്കി ഷഫീക്കും കൂട്ടരും എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവ വേദന കലശലായി.
ഇതോടെ യുവതിയുടെ മുത്തശ്ശിയുടെ സഹായത്തോടെ വീട്ടില്‍ തന്നെ പ്രസവം എടുക്കുകയും തുടര്‍ന്ന് കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
യുവതിയും ഇവര്‍ ജന്മം നല്കിയ പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം സന്നദ്ധ പ്രവര്‍ത്തകരായ ഷഫീക്, അഷറഫ് എന്നിവരുടെയും ഇവര്‍ അറിയിച്ചതിന് പ്രകാരം എത്തിയ ആരോഗ്യ പ്രവര്‍ത്തകരുടെയും മനസനിധ്യവും യുവതിയുടെ മുത്തശ്ശിയുടെ സമയോചിതമായ ഇടപെടീലിലൂടെയുമാണ് യുവതിയെയും കുഞ്ഞിനേയും ആരോഗ്യത്തോടെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അടുത്ത മൂന്നിനായിരുന്നു യുവതിയുടെ പ്രസവ തീയതി തീരുമാനിച്ചിരുന്നത്.