പത്തനംതിട്ട: കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലുള്ള വിജീഷ് വര്‍ഗീസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയിട്ടുള്ള അപേക്ഷയില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് അപേക്ഷ കോടതിയില്‍ നല്‍കിയിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിന്റെ എഫ്ഐആറും കോടതിയില്‍ നല്‍കിയിട്ടുണ്ട്.
കേസില്‍ മറ്റു ജീവനക്കാര്‍ക്കു പങ്കുണ്ടോയെന്നതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക നടപടി ക്രമങ്ങളും കംപ്യൂട്ടര്‍ സംവിധാനവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണ ഫയല്‍ ഇന്നലെയാണ് പൂര്‍ണമായി എത്തിച്ചേര്‍ന്നത്.
ബാങ്കില്‍ വിജീഷ് അടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ഇവര്‍ സസ്പെന്‍ഷനിലാണ്. ഉത്തരേന്ത്യന്‍ സ്വദേശിയായ മാനേജരടക്കമുള്ളവരെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.
തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി വിജീഷ് പറഞ്ഞിട്ടില്ല. 8.13 കോടി രൂപ താന്‍ തട്ടിയെടുത്തിട്ടില്ലെന്നു മാത്രമാണ ്വിജീഷ് പറഞ്ഞത്.
വിജീഷിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതകള്‍ കൈവരുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.