നേരത്തെ അബ്ദുൽ കുഞ്ഞുവിനെയും സമദ് ഖാനെയും ഇല്ലാതാക്കാൻ ദാവൂദും ഛോട്ടാ രാജനും ബൈക്കുള സംഘത്തിന്റെ സഹായം സ്വീകരിച്ചിരുന്നു.
എന്നാൽ, വാടകക്കൊലയാളികളുടെ ദൗത്യം പൂർത്തിയാക്കി കൃത്യമായ പ്രതിഫലം പറ്റുന്നതിൽ മാത്രം ഒതുങ്ങിയതായിരുന്നു ഇവർ തമ്മിലുള്ള ബന്ധം.
1988ന്റെ തുടക്കത്തിൽ ദാവൂദിന്റെ അടുത്ത അനുയായിയായിരുന്ന ശരദ് ഷെട്ടിയും രാമനായിക്കും തമ്മിൽ ജോഗേശ്വരിയിലെ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടായി. ഇത് ഇരുവരുടെയും സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചു.
വർഷങ്ങൾക്കു മുന്പ് ദാവൂദ് സംഘവും സമദ് ഖാന്റെ പഠാൻ സംഘവും ഏറ്റുമുട്ടലിലേക്കു നീങ്ങിയപ്പോൾ വരദരാജ മുതലിയാരുടെ ആശീർവാദത്തോടെ ഹാജി മസ്താൻ ഇരു സംഘങ്ങളുടെയും പ്രതിനിധികളെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു.
ആ ചർച്ച പരാജയപ്പെട്ട ശേഷമാണ് ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായതും സമദ് ഖാൻ ഉൾപ്പെടെയുള്ളവരെ ദാവൂദ് – ഛോട്ടാ രാജൻ സംഘം ഉന്മൂലനം ചെയ്തതും.
സമാനമായ രീതിയിൽ രാമ നായിക്കിനെയും ശരദ് ഷെട്ടിയെയും ദാവൂദും രാജനും ദുബായിലേക്കു ചർച്ചയ്ക്കു ക്ഷണിച്ചു.
അന്നു മുതലിയാരും ഹാജി മസ്താനും ഫലത്തിൽ ദാവൂദ്- രാജൻ സംഘത്തിനൊപ്പം നിന്നതുപോലെ ഇവിടെ ദാവൂദും രാജനും ശരദ് ഷെട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
അലസിയ ചർച്ച
ചർച്ച പക്ഷേ, ഇരുവരും തമ്മിൽ രമ്യതയിലെത്തിയില്ലെന്നു മാത്രമല്ല പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ഈ ചർച്ചയോടെ ശരദ് ഷെട്ടി മാത്രമല്ല ദാവൂദും ഛോട്ടാ രാജനും രാമനായിക്കിന്റെ ശത്രു പട്ടികയിൽ വന്നു.
രാമനായിക്കും ശരദ് ഷെട്ടിയും തമ്മിൽ കൈയാങ്കളിയുടെ വക്കോളമെത്തിയാണ് ചർച്ച അലസിപ്പിരിഞ്ഞത്. കലിയോടെ മുംബൈയിൽ തിരിച്ചെത്തിയ രാമ നായിക്ക് ദാവൂദും രാജനും ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതികാര നടപടികൾക്കു തുടക്കമിട്ടു.
ഒന്നിലേറെ കൊലപാതകക്കേസുകളുൾപ്പെടെ 13 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളായിരുന്നു രാമ നായിക്. ദേശീയ സുരക്ഷാ നിയമപ്രകാരവും അയാൾക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു.
അധോലോക സംഘങ്ങളുടെ രീതിയനുസരിച്ചു എതിരാളികളെ നേരിട്ടു വകവരുത്തുന്നിനൊപ്പം പോലീസിന് ഒറ്റുകൊടുത്തും പോലീസിനെക്കൊണ്ടു വകവരുത്തിച്ചുമൊക്കെ തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റിയിരുന്നു.
കുരുക്കുന്നു
1988 ജൂലൈ 21 ന് വൈകുന്നേരം ചെന്പൂരിലെ ഒരു ബാർബർ ഷോപ്പിൽ രാമ നായിക് എത്തുന്നുണ്ടെന്ന അജ്ഞാത സന്ദേശം നാഗ്പാഡ പോലീസ് സ്റ്റേഷനിലെ എസ്ഐ രാജൻ കട്ദരെയ്ക്കു ലഭിച്ചു. പോലീസ് ഉടനെ സ്ഥലത്തേക്കു കുതിച്ചെത്തി.
ഒറ്റയ്ക്ക് ഒരു മാരുതി കാറിൽ വന്നിറങ്ങിയ നായിക്കിനോടു പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. പെട്ടെന്നു നായിക് പോക്കറ്റിൽനിന്നു തോക്കെടുത്തു ചൂണ്ടിയെന്നും പരസ്പരമുണ്ടായ വെടിവയ്പിൽ നായിക് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണെന്നും പിന്നീടു പോലീസ് വിശദീകരിച്ചു.
എന്നാൽ, ദാവൂദ്-രാജൻ സംഘത്തിന് അതിനകംതന്നെ മുംബൈ പോലീസിൽ ഇഷ്ടംപോലെ വിശ്വസ്തരുണ്ടായിക്കഴിഞ്ഞിരുന്നുവെന്നും എതിരാളികളെ ഉന്മൂലനം ചെയ്യാനായി ഏറ്റുമുട്ടൽ കൊലകൾ ആവിഷ്കരിക്കുന്നത് ഇവരുടെ രീതിയായിരുന്നുവെന്നും മുംബൈ അധോലോകവുമായി ബന്ധപ്പെട്ടു നിരവധി വാർത്തകൾ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
(തുടരും)