സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ മോശമായ ഭാഷയില്‍ കമന്റ് ചെയ്ത ആളെ പറപ്പിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് അശ്വതി ശ്രീകാന്ത്.
അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞദിവസം അശ്വതി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയാണ് താരം നല്‍കിയത്.
സിനിമാ സീരിയല്‍ താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തി. പലരും അത് സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോറി പോലുമാക്കി.
ഇപ്പോള്‍ കമന്റിന് മറുപടി നല്‍കിയതിനെകുറിച്ച് തുറന്ന് പറയുകയാണ് അശ്വതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇതേ കുറിച്ച് വ്യക്തമാക്കിയത്.
അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ…
മീഡിയയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. പബ്ലിക പ്രോപ്പര്‍ട്ടിയായാണ് പലരും നമ്മളെ കാണാറുള്ളത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കരമായിട്ട് സങ്കടം വരുമായിരുന്നു.
ആരും കാണല്ലേയെന്നോര്‍ത്ത് പെട്ടെന്ന് കമന്റ് ഡിലീറ്റ് ചെയ്യ്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമായിരുന്നു.
ആരോടും പറയാന്‍ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയാണ് ഇപ്പോള്‍ നമ്മള്‍ക്ക് അതിനോട് വേറൊരു അപ്രോച്ച് വന്നത്.
ഞാനെന്തിന് നാണിക്കണം, ഞാനല്ല ഇതിനകത്ത് ചൂളി നില്‍ക്കേണ്ടത്. ഞാനത് ചെക്ക് ചെയ്തപ്പോള്‍ ആ പ്രൊഫൈല്‍ ഒറിജിനലാണ്. അതായിരുന്നു ഭയങ്കര ഷോക്കിങായത്.
ഒറിജിനലായ പ്രൊഫൈലില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ പ്രൊഫൈലിലേക്ക് വന്ന് ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അതായിരുന്നു എന്നെ ചിന്തിപ്പിച്ചത്, അല്ലാതെ ഇത് എന്നെ പ്രൊവോക്ക് ചെയ്തിട്ടൊന്നുമില്ല.
അയാളുടെ മാതാപിതാക്കളെ പറയുന്നതിനും അപ്പുറത്ത് ഇതിന് മറ്റൊരു മനോഹരമായ പേഴ്‌സ്‌പെക്റ്റീവുണ്ട്. ഒരുപാട് പെണ്‍കുട്ടികളാണ് എന്നെ ഫോണ്‍ ചെയ്തത്.
ഇങ്ങനെയുള്ള കമന്റുകള്‍ വരുമ്പോള്‍ വല്ലാതെ ചൂളിപ്പോവാറാണ് പതിവ്. അതിനെതിരെ പ്രതികരിക്കാം, ഒരു കുഴപ്പവുമില്ല എന്നൊരു ധൈര്യം തോന്നി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്.
അയാളുടെ കുടുംബത്തെയോ രാഷ്ട്രീയത്തെയോ ചോദ്യം ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. ആ കമന്റിനും മറുപടിക്കും വലിയ ദൂരമില്ല. രണ്ടു കാര്യങ്ങളാണ് ആലോചിച്ചത്.
മറുപടി കൊടുക്കണോ വേണ്ടയോ എന്നായിരുന്നു ആദ്യം നോക്കിയത്. പ്രൊഫൈല്‍ ഫേക്കാണോ എന്നായിരുന്നു പിന്നെ നോക്കിയത്. താനിപ്പോള്‍ മനോഹരമായൊരു അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത് എന്നും താരം വ്യക്തമാക്കുന്നു.