ചെന്നൈ: നടൻ കമൽഹാസൻ നേതൃത്വം നല്കുന്ന മക്കൾ നീതി മയ്യം പാർട്ടിയിലെ പ്രമുഖ നേതാവ് സി.കെ. കുമാരവേൽ പാർട്ടിവിട്ടു.
2019ൽ ഇദ്ദേഹം എംഎൻഎം വിട്ടെങ്കിലും പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. കമൽഹാസന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ തെറ്റായ നിർദേശങ്ങളാണു നല്കുന്നതെന്ന് കുമാരവേൽ ആരോപിച്ചു.
കമൽഹാസൻ മത്സരിച്ച കോയന്പത്തൂർ സൗത്ത് സീറ്റ് വിജയിക്കാൻ മാത്രമായിരുന്നു എംഎൻഎം ശ്രദ്ധ കൊടുത്തതെന്നു കുമാരവേൽ കുറ്റപ്പെടുത്തി.
എംഎൻഎം വൈസ് പ്രസിഡന്റ് ഡോ. ആർ. മഹേന്ദ്രൻ, ജനറൽ സെക്രട്ടറി എം. മുരുകാനന്ദം എന്നിവർ ഈയിടെ എംഎൻഎം വിട്ടിരുന്നു.
പാർട്ടിയിൽ ജനാധിപത്യമില്ലെന്നായിരുന്നു ഈ നേതാക്കളുടെ ആരോപണം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാൻ എംഎൻഎമ്മിനായില്ല.
കോയന്പത്തൂർ സൗത്ത് മണ്ഡലത്തിൽ 1728 വോട്ടിനാണു കമൽ ഹാസൻ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥിയാണു വിജയിച്ചത്.