മണ്ണാർക്കാട്: കേന്ദ്ര സർക്കാറിന്റെ വൻ പദ്ധതിയായ ഭാരത് മാല പദ്ധതിയിൽ ഉൾപെടുത്തി കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ വരുന്നു.പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ദേശീയപാതയുടെ അലൈൻമെന്റിന് സംസ്ഥാന സർക്കാർ അഗീകാരം നല്കി.
പാലക്കാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ നിന്ന് തുടങ്ങി കോഴിക്കോട് ഒളവണ്ണ വില്ലേജിൽ അവസാനിക്കുന്നതാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ.121.944 കിലോമീറ്റർ ആണ് ഹൈവേയുടെ നീളം. 45 മീറ്റർ വീതിയിലാണ് പാത നിർമ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം, ജനവാസമേഖല ഒഴിവാക്കിയുമാണ് അലൈമെന്റ് ചെയ്തിരിക്കുന്നത്.
ഈ പാതക്കുവേണ്ടി മൂന്ന് അലൈമെന്റാണ് ദേശിയപാത വകുപ്പ് കൈമാറിയിരുന്നത്. ഇതിൽ ആദ്യത്തെ അംഗീകരിച്ചതാണ് ഭാരത് മാല പ്രോജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്.പദ്ധതിക്കുവേണ്ടി 554.607 ഹെക്ടർ സ്ഥലമാണ് എറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതി 973.216 കോടി രൂപ ചിലവുവരും.
പാതയുടെ നിർമ്മാണത്തിനുവേണ്ടി 2157.52 കോടിരൂപ ചിലവാണ് ഇപ്പോൾ കണക്കുന്നത്.പാലക്കാട് മുതൽ കോഴിക്കോട് വരെ 38 വില്ലേജുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
പാലക്കാട് ജില്ലയിൽ 22 വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. മുണ്ടൂർ,കരിന്പ,പാലക്കയം,കാരാകുർശ്ശി,തച്ചന്പാറ,പൊറ്റശ്ശേരി,മണ്ണാർക്കാട് 1,2 വില്ലേജുകൾ, പയ്യനെടം 1, കോട്ടോപ്പാടം 1,2,3 വില്ലേജ്, അലനല്ലൂർ 2 വില്ലേജ് എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്.
സ്ഥലം ഏറ്റെടുപ്പിനുവേണ്ടി അതാത് ജില്ലയിലെ ഡപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായിബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനം ഉടൻ ഉണ്ടായേക്കും. ഈ പാത പ്രബല്യത്തിൽ വന്നാൽ ഇപ്പോഴെത്തെ പാലക്കാട്കോഴിക്കോട് ദേശീയപാത 966 എന്നപദവി ഇല്ലാതാകും.
മാത്രമല്ല മണ്ണാർക്കാടിന്റെ മലയോര മേഖലയിലൂടെ സംസ്ഥാന സർക്കാർ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന മലയോര ഹൈവേക്ക് പകരമാകും ഇത്. ഇരുപത് വർഷം മുന്പ് സംസ്ഥാന സർക്കാർ മലയോര മേഖലകളുടെ വികസനം ലക്ഷ്യം വെച്ച് വിഭാവനം ചെയ്ത പദ്ധതിയായിരുന്നു മലയോര ഹൈവേ.
പാലക്കാട് മലപ്പുറം ജില്ലയുടെ പലഭാഗത്തും മലയോര ഹൈവേയുടെ വികസനവും പുരോഗമിക്കുന്നുണ്ട്. ഗ്രീൻഫീൽഡ് ഹൈവേ വന്നാൽ മണ്ണാർക്കാട് താലൂക്കിന്റെ മുഖഛായ തന്നെ മാറുമെന്ന കണക്ക് കൂട്ടലിലാണ് മണ്ണാർക്കാടുള്ളവർ.