മങ്കൊമ്പ് : പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയിൽ കുട്ടനാട്ടുകാർക്കു നിഷേധിക്കപ്പെട്ടത് സഞ്ചാര സ്വാതന്ത്ര്യം. രണ്ടു ദിവസം മഴ തുടർച്ചയായി പെയ്താലും പാടത്തു വെള്ളം കയറിയാലും കുട്ടനാടും കുട്ടനാട്ടിലെ ജനങ്ങളും ഒറ്റപ്പെടുന്ന സാഹചര്യത്തിന് ഉത്തരവാദികളായി ജനങ്ങൾ കാണുന്നത് പൊതുമരാമത്തുവകുപ്പിനെ മാത്രം.
കാലവർഷം ആരംഭിക്കും മുന്പേയുണ്ടായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടനാട്ടിലുണ്ടായ പ്രളയത്തിൽ ഗ്രാമീണ റോഡുകളെല്ലാം തന്നെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.ലോക്ഡൗൺ മൂലം യാത്രാ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, പ്രളയം രോഗികളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുകയാണ്.
ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ഗതാഗതം നേരത്തെ പ്രളയജലം തടസപ്പെടുത്തിയിരുന്നു. എന്നാൽ ഉൾപ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളും വെള്ളത്തിലായത് നാട്ടുകാരെ ശരിക്കും വലച്ചിരിക്കുകയാണ്. മങ്കൊമ്പ് കണ്ണാടി- വികാസ് മാർഗ് റോഡ്, മുളയ്ക്കാംതുരുത്തി-വാലടി റോഡ്, പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ്, കിടങ്ങറ-കണ്ണാടി റോഡ് തുടങ്ങിയവയെല്ലാം വർഷങ്ങളായി പ്രളയത്തിൽ ഗതാഗത തടസം നേരിടുകയാണ്
. മാധ്യമങ്ങളും നാട്ടുകാരും പലവട്ടം ഇക്കാര്യങ്ങൾ പൊതുമരാമത്തു വകുപ്പധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.മങ്കൊമ്പ് പാലത്തിന്റെ നിർമാണഘട്ടത്തിൽതന്നെ പാലത്തിന്റെ തുടർച്ചയായ മങ്കൊമ്പ്-കണ്ണാടി റോഡ് നവീകരിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
എന്നാൽ അധികൃതർ ഇക്കാര്യം അവഗണിക്കുകയായിരുന്നു. പാലം തുറന്നു കൊടുത്തു ഒരാഴ്ച തികയും മുന്പുതന്നെ റോഡിൽ വെള്ളംകയറി കെഎസ്ആർടിസി സർവീസടക്കം നിർത്തിവയ്ക്കുകയും ചെയ്തു. തുടർന്ന് 2020 ലെ പ്രളയകാലത്തിനു മുന്പുതന്നെ റോഡ് ഉയർത്തി, വീതി കൂട്ടുന്നതിനായി ഏഴുകോടിയോളം രൂപ അനുവദിച്ചിരുന്നു.
എന്നാൽ പണികൾ നടക്കാതിരുന്നതോടെ പ്രളയകാലത്തു പുളിങ്കുന്ന്, കാവാലം പഞ്ചായത്തിന്റെ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു മഴക്കാലമെത്തുമ്പോഴും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ലാതെ തുടരുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലുമാണ്.
പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡിന്റെ ഭാഗമായ കാവാലം-കൈനടി റോഡിന്റെ അര കിലോമീറ്റർ പ്രദേശം മാത്രമാണ് പ്രളയത്തിൽ മുങ്ങി നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത്. ഇവിടെ അറ്റകുറ്റപ്പണികളുടെ പേരിൽ നടത്തിയ നാമമാത്ര നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മുളയ്ക്കാംതുരുത്തി-വാലടി റോഡിന്റെയും ചെറിയ പ്രദേശങ്ങളുടെ ശോചനീയാവസ്ഥ മൂലമാണ് പ്രളയകാലത്ത് ചങ്ങനാശേരിയിൽ നിന്നുള്ള ബസ് സർവീസ് നിലയ്ക്കുന്നത്. റോഡുകൾ വേണ്ടത്ര ഉയർത്തിയാൽ പ്രളയകാലത്തും കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടത്താനാകും. ഇത് ഒരു പരിധിവരെ കുട്ടനാടൻ ജനതയുടെ പ്രളയഭീതി കുറയ്ക്കാനും ഉപകരിക്കും.