മുക്കം: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ മത്സ്യകൃഷിയിലൂടെ ലാഭകരമാക്കി മാറ്റിയിരിക്കുകയാണ് മലയോര മേഖലയിലെ ഒരു കുടുംബം.
വീട്ടുമുറ്റത്തെ ടാങ്കിൽ വളർത്തിയ ശുദ്ധജല മത്സ്യങ്ങളെ വിൽപ്പന നടത്തിയും സ്വാദിഷ്ടമായ മീനിനെ വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയും വറുതിയുടെ കാലത്തെ അതിജീവിക്കുകയാണ് മുക്കം കാഞ്ഞിരമൂഴിയിലെ വി.കെ. രാജനും കുടുംബവും.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് പാലക്കുന്നത്ത് വീട്ടിൽ പി.കെ രാജൻ വീട്ടുവളപ്പിൽ മത്സ്യ കൃഷി ആരംഭിച്ചത്.
ഫിഷറീസ് വകുപ്പിന്റെ വിഷരഹിത മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായായിരുന്നു പുതിയ ചുവടുവയ്പ്പ്. ബയോഫ്ലോക്ക് മാതൃകയിൽ ആരംഭിച്ച മത്സ്യകൃഷി വലിയ വിജയമാണെന്ന് രാജൻ പറയുന്നു.
2500 മത്സ്യക്കുഞ്ഞുങ്ങളെ ആണ് ആദ്യഘട്ടത്തിൽ വളർത്തിയത്. നാലര ലക്ഷത്തോളം രൂപ ചെലവിഴിച്ചാണ് കൃഷി ആരംഭിച്ചത്.
ചെലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. മീനുകൾക്ക് ആറു മാസം പ്രായം എത്തിയതോടെ ശരാശരി 400 ഗ്രാം തൂക്കമുണ്ട്.
കൂടുതൽ മത്സ്യങ്ങളെ കൃഷി ചെയ്യാൻ പറ്റുന്ന പുതിയ രീതി കൂടി അവലംബിച്ച് മത്സ്യകൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജൻ. 300 മുതൽ 350 രൂപയ്ക്കാണ് ഒരു കിലോ മത്സ്യം വിൽക്കുന്നത്.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കുളത്തിലെ വെള്ളം മാറ്റുന്നതിനാൽ മത്സ്യത്തിന് നല്ല സ്വദാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
ടാങ്കിൽ നിന്നും നീക്കം ചെയ്യുന്ന ജലം വീട്ടുവളപ്പിലെ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനാൽ രാസവളം ചേർക്കാത്ത, ശുദ്ധമായ പച്ചക്കറികളും വീട്ടുവളപ്പിൽ നിന്ന് തന്നെ ലഭിക്കും.
നക്ഷത്രമത്സ്യം ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് ആദ്യം കൃഷി ചെയ്തത്. സോളാർ ഇൻവെർട്ടർ ഉപയോഗിച്ച് ഓക്സിജൻ ലഭ്യമാക്കുന്നതിനാൽ മത്സ്യങ്ങൾ ചാവുന്നത് പരമാവധി തടയാനായതായി രാജൻ പറയുന്നു.
ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണയ്ക്കാണ് വിജയത്തിന് പിന്നിലെന്ന് രാജൻ അടിവരയിട്ടു പറയുന്നു.