മൂത്രാശയക്കല്ലുകൾക്കുള്ള പരിഹാരത്തെക്കുറിച്ചു ചില കാര്യങ്ങൾ. ശരീരത്തിന്റെ തകരാറു മാറ്റണം അല്ലെങ്കിൽ വീണ്ടും വീണ്ടും കല്ലുകൾ വരും. ശീലങ്ങൾ മാറ്റണം. വെള്ളം ധാരാളം കുടിക്കണം, അവസരം കിട്ടുന്പോഴെല്ലാം മൂത്രമൊഴിക്കണം. ഭക്ഷണ പാനീയങ്ങളിൽ ശ്രദ്ധ വേണം.
വെള്ളം ധാരാളം കുടിക്കണം
പ്രകൃതിദത്തമല്ലാത്ത അമിത നിറത്തിലുള്ളതും രുചിയിലുള്ളതുമായ കോള പാനീയങ്ങൾ പോലുള്ളവ ശരീരത്തിനു ദഹിപ്പിക്കാനാവില്ല. പക്ഷേ, അതു വലിച്ചെടുക്കപ്പെടും. പിന്നെ ശരീരം അതു കഷ്ടപ്പെട്ട് അരിച്ചെടുത്ത് പുറത്തുകളയും. അതു കഴുകി പുറത്തുകളയാൻ തന്നെ ധാരാളം വെള്ളം കുടിച്ചിരിക്കണം.
ഒരു മുറിയിലെ അഴുക്കു കഴുകി വൃത്തിയാക്കുവാൻ ഒരുകപ്പു വെള്ളം മാത്രം കിട്ടിയാൽ നമുക്കെന്തു ചെയ്യാനാകും? അതുതന്നെയാണു മൂത്രാശയ വ്യവസ്ഥയിലും സംഭവിക്കുക.
കൊഴുത്ത മലിനജലം ഒഴുകുന്പോൾ കുഴലുകളും ഓവുചാലുകളും മാലിന്യമടിഞ്ഞ് അടയുന്ന പോലെ ഇതിനെ മനസിലാക്കിയാൽ, ധാരാളം വെള്ളം കുടിക്കണം എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവും.
അധികമാകരുത് ഒന്നും…
ചില ഭക്ഷണങ്ങളുടെ അമിതോപയോഗം രോഗം കൂട്ടാം. അധികമായാലെ അമൃത് വിഷമാകുകയുള്ളു. കല്ലുകൾ പലവിധമുണ്ടെന്നു പറഞ്ഞല്ലോ. അവയിലോരോന്നുമായി ബന്ധപ്പെട്ട ചില ആഹാരങ്ങൾ അമിതമാകാതെ ശ്രദ്ധിക്കുക.
ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഓക്സലേറ്റ് കുറയ്ക്കുക. ചീര, മധുരക്കിഴങ്ങ്, ചായ, ചോക്ളേറ്റ്, വെണ്ടയ്ക്ക, ബീറ്റ് റൂട്ട്, കുരുമുളക്, സോയ ഉത്പന്നങ്ങൾ ഓക്സലേറ്റ് കൂട്ടാം.
ഉപ്പും മൃഗജന്യ പ്രോട്ടീനും കുറയ്ക്കുക
ഭക്ഷണത്തിൽ ഉപ്പും മൃഗജന്യ പ്രോട്ടീനും കുറയ്ക്കുക.പയർ വർഗ്ഗങ്ങളിലടങ്ങിയ പ്രോട്ടീൻ ഉപയോഗിക്കാം. സിസ്റ്റൈൻ കല്ലുകളുള്ളവരിലാണ് പ്രോട്ടീൻ ഭക്ഷണനിയന്ത്രണം പ്രധാനമായി വേണ്ടത്.
കാൽസ്യം ഗുളികകൾ
കാൽസ്യം ഗുളികകൾ പലപ്പോഴും പ്രശ്നക്കാരാണ്. കല്ലിന്റെ തകരാർ മുന്പുണ്ടായിരുന്നവർ അക്കാര്യം ഡോക്ടറോട് പറയണം. യൂറിക്കാസിഡ് കൂടിയാൽ ഗൗട്ട് എന്ന സന്ധി വേദനയും, മൂത്രത്തിൽ കല്ലും വരാം. അവർ മാംസാഹാരത്തിലെ കരൾ, വൃക്ക എന്നിവ കഴിക്കരുത്. മദ്യം, കടൽ മത്സ്യങ്ങളിൽ മത്തി, കല്ലുമ്മക്കായ പോലെ തോടുള്ള ഭക്ഷണങ്ങൾ കുറയ്ക്കാം.
എന്താ ചികിൽസ?
നാടുനീളെ ഒറ്റമൂലിക്കാരെ കാണാം. അവയിൽ ചിലതു ഫലപ്രദമാണ്. പക്ഷേ, എല്ലാവരിലുമല്ലെന്നു മാത്രം. പല ചികിൽസയും വേദന വേഗം ശമിപ്പിച്ചേക്കും എന്നു കരുതി രോഗം മാറിയെന്ന അമിത വിശ്വാസം വേണ്ട.
അൾട്രാ സൗണ്ട് സ്കാൻ ചെയ്തശേഷം മാത്രം കല്ലു പോയെന്നുറപ്പിക്കുക. ഏതു ചികിൽസ ചെയ്താലും പിന്നെ കല്ലു വരുന്നില്ല എന്ന് ഉറപ്പിക്കണം. അതിനായി വല്ലപ്പോഴും ഒരു സ്കാൻ ചെയ്തോളു.
ഹോമിയോപ്പതിയിൽ
രോഗം വീണ്ടും വരാതിരിക്കാനും, കല്ലു പുറത്തുപോകാനും ഹോമിയോപ്പതിയിൽ ഫലപ്രദമായ മരുന്നുകളുണ്ട്.
രോഗിയുടെ ശാരീരിക മാനസിക പ്രത്യേകതകൾ അനുസരിച്ചും ഏതുവശത്ത് കല്ലു വരുന്നു എന്നതിനനുസരിച്ചും ചികിൽസയും മരുന്നും മാറുമെന്നതിനാൽ മികച്ച ഒരു ഹോമിയോപ്പതി ഡോക്ടറെ കാണുക.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ – 9447689239
[email protected]