തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർണായക നീക്കം.
ക്രൈസ്തവ സഭകൾ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഈ ആവശ്യം ഉയർത്തിയിരുന്നു. ഇതാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടതായി വ്യക്തമായിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ന്യൂനപക്ഷ ക്ഷേമം മന്ത്രി വി.അബ്ദുറഹ്മാനായിരുന്നു നൽകിയിരുന്നത്.
എന്നാൽ പുറത്തുവന്ന അന്തിമ വിജ്ഞാപനത്തിലാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുവെന്ന് വ്യക്തമായത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് വിവിധ ക്രൈസ്തവ സഭകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മാറി മാറി വരുന്ന മന്ത്രിസഭകളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരിൽനിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം.
വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ അർഹമായ പ്രാതിനിധ്യം ക്രൈസ്തവർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ.
കെ.ടി. ജലീൽ ആയിരുന്നു കഴിഞ്ഞ മന്ത്രിസഭയിൽ വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷ കമ്മീഷനിൽ അടക്കം ഒരു വിഭാഗത്തിന് മുൻതൂക്കം കിട്ടുന്ന രീതിയിലുള്ള സമീപനവും നയപരിപാടികളുമായി നടപ്പാക്കിയതെന്ന വിമർശനം ഉയർന്നിരുന്നു.
80 : 20 ശതമാനം എന്ന രീതിയിൽ ന്യൂനപക്ഷാനുകൂല്യങ്ങളുടെ ഗണ്യമായ ഭാഗം ഒരു വിഭാഗത്തിന് വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സർക്കാർ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭാ വൃത്തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.
അവഗണിക്കപ്പെടുനതായുള്ള ക്രൈസ്തവ സഭകളുടെ നിരന്തര പരാതിക്ക് സർക്കാർ ചെവികൊടുക്കുന്നതിന്റെ ആദ്യപടിയാണ് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്ത തെന്നാണ് കരുതപ്പെടുന്നത്.
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്.
എന്നാൽ, കേരളത്തിൽ 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതത്തിലാണ് അനുകൂല്യങ്ങൾ നൽകിയിരുന്നത്.
വിവേചനപരമായ ഈ നടപടി അനീതിയാണെന്നും ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നുമായിരുന്നു തുടർച്ചയായുള്ള പരാതി.