ചെറുതോണി : ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും എത്താത്തത് ദൗർഭാഗ്യകരമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ചാശ്വസിപ്പിക്കാൻ പോലും തയ്യാറായില്ല.
ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ കീരിത്തോട്ടിലെ വീട്ടിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സന്ദർശനം നടത്തവെയാണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ വീടു സന്ദർശിച്ചത്.
മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങുകളുടെ തിരക്കുമൂലമാണ് ഈ കുടുംബത്തെ വിളിക്കാതിരുന്നെതെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാൻ തയ്യാറാകണം.
സൗമ്യയുടെ മകൻ അഡോണിന്റെ വിദ്യാഭ്യാസം, കുടുംബത്തിന്റെ നഷ്ടപരിഹാരം എന്നിവയെത്തിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്. ഇതുവരെ കേന്ദ്ര സർക്കാർ ഒരു വീഴ്ചയും കൂടാതെ ഈ കുടുംബത്തിനൊപ്പം നിന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡൻറ് കെ.എ അജി, നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരക്കുമല, ജില്ലാ ട്രഷറർ റ്റി.എം സുരേഷ്. ബി ഡി ജെ എസ് സംസ്ഥന വൈസ് പ്രസിഡന്റ് സംഗീതാ വിശ്വനാഥൻ തുടങ്ങിയവർ കേന്ദ്ര മന്ത്രി ക്കൊപ്പം ഉണ്ടായിരുന്നു.