തൃശൂർ: ടൗട്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്നുതരിപ്പണമായ ബാര്‍ജില്‍നിന്ന് ഏറ്റവും ഒടുവിലാണ് അര്‍ജുനും കൂടെയുണ്ടായിരുന്ന രണ്ടുപേരും കടലിലേക്ക് ചാടിയത്.
മുംബൈയില്‍നിന്ന് വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയ വയനാട്, എറണാകുളം സ്വദേശികളാണ് അര്‍ജുന്റെ അവസാന നിമിഷങ്ങള്‍ വീട്ടുകാരുമായി പങ്കുവച്ചത്. കടലിലേക്ക് ചാടിയപ്പോള്‍ തകര്‍ന്നുകിടന്നിരുന്ന ബാര്‍ജില്‍ അര്‍ജുന്റെ കാല് ശക്തമായി ഇടിച്ചു.
കടലില്‍ പൊങ്ങിക്കിടക്കുന്നതിനിടെ കാല് അനക്കാന്‍ പറ്റുന്നില്ലെന്നും തളര്‍ന്നുപോകുന്നുവെന്നും അര്ജുന് പറഞ്ഞത്രെ. കൂടെയുണ്ടായിരുന്നവര്‍ കൈപിടിച്ച് അര്‍ജുനെ കടലിലേക്ക് താഴ്ന്നുപോകാതെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് എളുപ്പമായിരുന്നില്ല.
തന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും തങ്ങളോടു രക്ഷപ്പെടാനും അര്ജുന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കരച്ചിലടക്കാന്‍ പാടുപെട്ടു.
മോശം കാലാവസ്ഥയില്‍ ബാര്‍ജിലേക്ക് പോകുന്നത് വളരെ അപകടമാണെന്നും പോകാന്‍ പാടില്ലെന്നും അര്ജുന് പറഞ്ഞെങ്കിലും ക്യാപ്റ്റന്‍ അതനുസരിക്കാന്‍ തയാറായില്ലത്രെ.
അതിന്റെ പേരില്‍ ക്യാപ്റ്റനുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ അര്‍ജുന്റെ കൂട്ടുകാര്‍ വീട്ടുകാര്‍ക്ക് നൽകിയിട്ടുണ്ട്.
“ഇനി എന്റെ കൂടെ ആശുപത്രിയിലേക്ക് കൂട്ടുവരാന്‍ എന്റെ മോനില്ലല്ലോ’എന്നു പറഞ്ഞ് അര്‍ജുന്റെ അച്ഛന് തങ്കപ്പന് കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആർക്കും വാക്കുകൾ കിട്ടുന്നില്ല.
അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഏകമകനായ അര്ജുന് മുംബൈയില്‍നിന്നു പതിവായി എത്തിയിരുന്നു.കഴിഞ്ഞ മാസവും നാട്ടിലെത്തി.
അതിനിടെയാണ് അടിയന്തര ജോലി ഉണ്ടെന്നും വേറെ ആളെ കിട്ടാനില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് മുംബൈയിലെത്തണമെന്നും ഒഎന്‍ജിസിയില്‍നിന്ന് അറിയിപ്പ് വന്നത്.
അച്ഛന്റെ രോഗവിവരം അര്ജുന് കമ്പനി അധികൃതരെ അറിയിച്ചിരുന്നു. പതിനഞ്ചു ദിവസത്തിനകം തിരിച്ച് നാട്ടിലേക്ക് അയയ്ക്കാമെന്നായിരുന്നു കമ്പനി അധികൃതര്‍ നല്കിയ ഉറപ്പ്.
അച്ഛനെ ഇനി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തീയതി ആകുമ്പോഴേക്കും എത്താമെന്നു പറഞ്ഞാണ് അര്ജുന് മുംബൈക്ക് തിരിച്ചത്. വീട്ടിൽ നിന്നു പോയി ഒരു മാസമാകുമ്പോഴേക്കും വീട്ടിലേക്ക് തിരികെയെത്തുന്നത് അർജുന്റെ ചേതനയറ്റ ശരീരമാണ്.