തിരുവനന്തപുരം: കേരള കോണ്ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായിരുന്ന കെ.എം. മാണി താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ പ്രശാന്തിൽ മന്ത്രി റോഷി അഗസ്റ്റിൻ താമസിക്കും. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിനടുത്താണു പ്രശാന്ത്.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയായിരുന്നു പ്രശാന്തിൽ താമസിച്ചിരുന്നത്. അദ്ദേഹം ക്ലിഫ് ഹൗസ് പരിസരത്തെ പെരിയാറിലേക്കു മാറി.
റവന്യു മന്ത്രി കെ. രാജന് കന്റോണ്മെന്റ് ഹൗസ് പരിസരത്തെ ഗ്രേസ് അനുവദിച്ചു. മറ്റു മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ ചുവടെ:
എ.കെ. ശശീന്ദ്രൻ- കാവേരി, അഹമ്മദ് ദേവർകോവിൽ- തൈക്കാട് ഹൗസ്, ആന്റണി രാജു- മൻമോഹൻ ബംഗ്ലാവ്, കെ.എൻ. ബാലഗോപാൽ- പൗർണമി, ആർ. ബിന്ദു- സാനഡു, ജെ. ചിഞ്ചുറാണി- അശോക,
എം.വി. ഗോവിന്ദൻ- നെസ്റ്റ്, പി.എ. മുഹമ്മദ് റിയാസ്- പന്പ, പി. പ്രസാദ്- ലിൻഡ് ഹസ്റ്റ്, കെ. രാധാകൃഷ്ണൻ- എസൻഡൻസ്, പി. രാജീവ്- ഉഷസ്, സജി ചെറിയാൻ- കവടിയാർ ഹൗസ്,
വി. ശിവൻകുട്ടി- റോസ് ഹൗസ്, ജി.ആർ. അനിൽ- അജന്ത, വി.എൻ. വാസവൻ- ഗംഗ, വീണ ജോർജ്- നിള.
ആരും ഏറ്റെടുക്കാതിരുന്ന 13-ാം നന്പർ സ്റ്റേറ്റ് കാർ കൃഷിമന്ത്രി പി. പ്രസാദിന്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു കാലമായി സംസ്ഥാനത്ത് പുതിയ സർക്കാരുകൾ അധികാരത്തിൽ വരുന്പോഴൊക്കെ വിവാദത്തിനു തിരി കൊളുത്തുന്ന 13-ാം നന്പർ സ്റ്റേറ്റ് കാർ ഇക്കുറി കൃഷിമന്ത്രി പി. പ്രസാദ് സ്വന്തമാക്കി.
ഏതോ ചില പേടി കാരണം 13-ാം നന്പർ കാർ മന്ത്രിമാരാരും ഏറ്റെടുക്കാറില്ലെന്നാണ് പതിവായി പറഞ്ഞുകേൾക്കാറുള്ളത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് തുടക്കത്തിലും പതിമൂന്നാം നന്പർ കാർ മന്ത്രിമാരാരും ഏറ്റെടുക്കാത്തത് വിവാദമായിരുന്നു. എന്നാൽ വിവാദത്തിനു പിന്നാലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കാർ ഏറ്റെടുത്തു.
ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. ഇക്കുറി മന്ത്രിമാർക്കായി പതിമൂന്നാം നന്പർ കാർ തയാറാക്കിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് കാറിൽ കയറാൻ ആളില്ലാതായി.
ആലുവ ഗസ്റ്റ് ഹൗസിൽ നിന്നെത്തിച്ച മറ്റൊരു വാഹനം പതിമൂന്നിനെ ഒഴിവാക്കാൻ ഉപയോഗിക്കേണ്ടിവന്നു. ഇതു സംബന്ധിച്ചു ഇന്നലെ ചില മാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൃഷിമന്ത്രി പി. പ്രസാദ് കാർ ഏറ്റെടുത്തത്.
2011 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പതിമൂന്നാം നന്പർ കാർ ഉണ്ടായിരുന്നില്ല. 2006 ലെ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് എം.എ ബേബിയാണ് പതിമൂന്നാം നന്പർ കാർ ഏറ്റെടുത്തത്. മന്ത്രിമാർക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന വാഹനങ്ങളുടെ നന്പർ ഇപ്രകാരമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ-1, കെ. രാജൻ-2, റോഷി അഗസ്റ്റിൻ-3, കെ.കൃഷ്ണൻകുട്ടി-4, എ.കെ. ശശീന്ദ്രൻ-5, അഹമ്മദ് ദേവർകോവിൽ-6, ആന്റണി രാജു-7. സജി ചെറിയാൻ-8, എം.വി. ഗോവിന്ദൻ മാസ്റ്റർ-9, കെ.എൻ. ബാലഗോപാൽ-10, പി. രാജീവ്-11, വി.എൻ. വാസവൻ-12, പി. പ്രസാദ്-13, ജെ. ചിഞ്ചുറാണി-14, കെ. രാധാകൃഷ്ണൻ-15, വി. ശിവൻകുട്ടി-16, പി.എ. മുഹമ്മദ് റിയാസ്-17, പ്രഫ. ആർ. ബിന്ദു-18, ജി.ആർ അനിൽ-19, വീണ ജോർജ്-20, വി. അബ്ദുറഹ്മാൻ-21