നിശാന്ത് ഘോഷ്
കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ “പോരാളി ഷാജി’ എന്ന ഫേസ് ബുക്ക് പേജിനു പിന്നിൽ ഒരാൾ മാത്രമല്ലെന്നും കമ്യൂണിസ്റ്റ്, മാർക്സിയൻ സിദ്ധാന്തങ്ങളിൽ അവഗാഹമുള്ള “ബുദ്ധി ജീവികൾ’ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നും നിഗമനം.
സിപിഎമ്മിന്റെ അനൗദ്യോഗിക സൈബർ പോരാളികളെന്ന് അറിയപ്പെട്ടിരുന്ന ഈ പാർട്ടി അനുഭാവികളുടെ വേരുകൾ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തുമുണ്ടെന്നാണ് വിവരം.
ഐടി മേഖലയിലുള്ളവരുടെയും നവമാധ്യമ വിദഗ്ധരുടെയും ബുദ്ധി ജീവികളുടെയും പങ്കാളിത്തത്തോടെയാണ് മിക്ക പോസ്റ്റുകളും തയാറാക്കിയത്.
പോസ്റ്റുകൾ തയാറാക്കിയ ശേഷം നേരിട്ട് പോസ്റ്റ് ചെയ്യുന്നതല്ല ഇവരുടെ രീതി. പോസ്റ്റുകൾ ചുരുങ്ങിയ സമയത്തിനകം വാട്സ് ആപ്പ് ആയി പലരിലുമെത്തിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും.
തുടർന്ന് ഇതു പോസ്റ്റ് ചെയ്യണോ, വേണ്ടയോ എന്നു “പോരാളി ഷാജികളുടെ’ മറ്റൊരു ഘടകം പരിശോധിക്കും. ഇവരുടെ അനുമതിക്കു ശേഷമാണ് പോസ്റ്റുകൾ റിലീസ് ചെയ്യുക.
ഷാജിമാർ
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ “പോരാളി ഷാജികൾ’ ഉണ്ട്. പാർട്ടിയേയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്ന രീതിയിൽ എതിർ ചേരികളിലുള്ളവർ പ്രസ്താവനകളോ പരാമർശമോ നടത്തിയാലും എതിർ ചേരികളിലുള്ളവരുടെ വീഴ്ചകളും വിഢിത്തങ്ങളും ഉടൻ ഇവർ വാട്സ് ആപ്പിലൂടെ കൈമാറും.
ഇതിനനുസരിച്ച് ആവശ്യമായ പ്രതിരോധമോ ട്രോളുകളോ ചുരുങ്ങിയ സമയംകൊണ്ട് ഫേസ് ബുക്ക്, വാട്സ് ആപ്പുകളിൽ തയാറാക്കി പ്രചരിപ്പിക്കും.
റഹിമിനെതിരേ
തെരഞ്ഞെടുപ്പിനു മുന്പ് വരെ സിപിഎമ്മിന്റെ അനൗദ്യോഗിക സൈബർ പ്രചാരണ വേദിയായി പ്രവർത്തിച്ചിരുന്ന ഈ കൂട്ടായ്മയെ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹിം തള്ളിപ്പറഞ്ഞതോടെ ഇദ്ദേഹത്തെ രൂക്ഷമായ ഭാഷയിലാണ് പോരാളി ഷാജി വിമർശിച്ചത്.
അതിനു മുന്പു കെ.കെ. ശൈലജയെ മന്ത്രി പട്ടികയിൽനിന്നൊഴിവാക്കിയതിനെതിരേയും പോസ്റ്റിട്ടിരുന്നു. പിന്നീടു സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പോരാളി ഷാജിയെ തള്ളുകയും രാഷ്ട്രീയ എതിരാളികളാണ് പോരാളി ഷാജി എന്ന അദൃശ്യ കേന്ദ്രത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഗുഡ് ബൈ
എ.എ. റഹീമിനെതിരെയുള്ള പോസ്റ്റ് വന്നതിനു പിന്നാലെ പോരാളി ഷാജി പേജ് ഫേസ് ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഗുഡ് ബൈ കമിംഗ് സൂണ് എന്ന ലേബലോടുകൂടിയായിരുന്നു പിൻമാറ്റം. ഈ പിന്മാറ്റം പോരാളി ഷാജികളുമായി ബന്ധമുള്ള നേതാക്കളുടെ നിർദേശാനുസരണമാണെന്നും കരുതുന്നു.
പാർട്ടി നിലപാട് എന്ന നിലയിൽ പോരാളി ഷാജിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നു നേതൃത്വം അണികൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇതെല്ലാം കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും പലരുടെയും അനുഗ്രഹാശിസുകളോടെയാണ് പോരാളികൾ പ്രവർത്തിച്ചിരുന്നതെന്നുമാണ് മറ്റൊരു വിവരം.