കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. അതേസമയം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്.ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചു.
10 പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ നാലു പേർ കോഴിക്കോട് സ്വദേശികളും ആറുപേർ മലപ്പുറം സ്വദേശികളുമാണ്.
ഒരാൾ പാലക്കാട്, ഒരാൾ തൃശൂർ, ഒരു തമിഴ്നാട സ്വദേശി എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്. മെയ് 18ന് മലപ്പുറം സ്വദേശി രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എല്ലാവരും ഗുരുതര പ്രമേഹ രോഗികളാണ്. ഒരാൾ അതി ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മരുന്നുകൾക്ക് രൂക്ഷ ക്ഷാമം
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ചവർക്ക് നൽകുന്ന മരുന്നുകൾക്ക് രൂക്ഷ ക്ഷാമം. ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകൾക്കാണ് ക്ഷാമം. 60 കിലോ ഭാരമുള്ള ഒരാൾക്ക് ആറ് വയൽ മരുന്ന് ഒരു ദിവസം ആവശ്യമാണ്.
എന്നാൽ ഇപ്പോൾ മരുന്നിന് ക്ഷാമം നേരിടുന്നുണ്ട്. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി പല സ്ഥലങ്ങളിൽ ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മെഡിക്കൽ കോളജ് ഇഎൻടി വിഭാഗം ഡോ. സുനിൽകുമാർ പറഞ്ഞു.
അതേസമയം മരുന്നിന് വലിയ വിലയാണ്. ലൈപോസോമൽ ആം ഫോടെറിസിൻ എന്ന മരുന്നിന് ഒരു ദിവസത്തേക്ക് 18,000 രൂപ ചെലവ് വരും.ആംഫോ ടെറിസിൻ ആണെങ്കിൽ 300 രൂപയേ ചിലവുള്ളു.
രണ്ടും ഒരേ മരുന്നിന്റെ വകഭേദങ്ങളാണെങ്കിലും ആംഫോ ടെറിസിൻ വൃക്കരോഗികൾക്ക് നൽകാൻ പാടില്ല. ലൈപോസോമൽ ആം ഫോടെറിസിൻ ആണ് കൂടുതൽ ഫലപ്രദമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മരുന്ന് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിൽ നിലവിലുള്ള രോഗികൾക്കുള്ള മരുന്നുകൾ ഉണ്ടെന്നും കൂടുതൽ രോഗികൾ എത്തിയാൽ നൽകാൻ മരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.