ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്.
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന.
വില്ലൻ പ്രായമോ?
കാൽമുട്ടുകളുടെ പ്രവർത്തനം ഒരുപാടു കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ
സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇതിന്റെ കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്.
കാൽസ്യം കുറയുന്നതു പ്രശ്നമാണോ?
ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം തടയാനാവും. ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സയിൽ അപകടമുണ്ടോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽ പേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം ഇവരൊന്നും അറിയുകയില്ല. അവസാനം വെറുതെ ഇരിക്കുന്പോൾപോലും വേദന ബുദ്ധിമുട്ടിക്കുന്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുന്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
പരിഹാരമെന്ത്?
അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം.
കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം. കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം. ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. ഇതിനു പരിഹാരമായി ഡോക്ടർ പറയുന്ന പ്രതിവിധികൾ അനുസരിക്കണം.
മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഡോക്ടറുടെ നിർദേശങ്ങൾ രോഗികൾ അനുസരിക്കാൻ തയാറാവുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും. ആശുപത്രിയിൽകിടക്കേണ്ടിവരികയുമില്ല.