ചാവക്കാട്: കടൽക്ഷോഭത്തിൽ വേറിട്ട സഹായവുമായി യുവാവ് മാതൃക തീർത്തു. കടപ്പുറം പഞ്ചായത്ത് പുതിയങ്ങാടിയിലെ സിപിഐ പ്രവർത്തകനും മുനക്കക്കടവിലെ എഐടിയുസി സെക്രട്ടറിയുമായ കെ.എം.നജീവാണ് വേറിട്ട പ്രവർത്തനം നടത്തിയത്.
കടപ്പുറം പഞ്ചായത്തിൽ തുടർച്ചയായി മൂന്നു ദിവസം ഉണ്ടായ കടൽക്ഷോഭത്തിൽ തിരമാല കയറിയും മഴപെയ്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
ഇതേ തുടർന്ന് നിരവധി വീടുകളിലെ മോട്ടോറുകൾ വെള്ളത്തിലായി. കടപ്പുറത്തെ മിക്ക വീടുകളിലും കുഴൽകിണറും മോട്ടോർപന്പുസെറ്റുമുണ്ട്.
വെള്ളം കയറിയ ഉടനെ മൊബൈൽ ഗ്രൂപ്പുവഴി മോട്ടോർ ആരും ഓണ്ചെയ്യരുതെന്ന് നിർദേശം നൽകി. കടൽക്ഷോഭവും മഴയും കുറഞ്ഞപ്പോൾ പ്രവർത്തിക്കാത്ത മോട്ടോർ പന്പ് സെറ്റ് സൗജന്യമായി കേടുപാടുകൾ തീർത്തുകൊടുക്കാമെന്നറിയിച്ചു.
ഒന്‍പത്, 10, 11 വാർഡുകളിൽനിന്നായി കേടുവന്ന മോട്ടോറുകളുടെ പ്രവാഹമായിരുന്നു. അഞ്ചുദിവസംകൊണ്ട് 105 മോട്ടോറുകൾ സൗജന്യമായി റിപ്പയർ ചെയ്തുകൊടുത്തു.
ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയതുകൊണ്ട് മറ്റൊരിടത്തും മോട്ടോറിന്റെ പണി നടത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് തന്റെ വീട് ’സഹായ മോട്ടോർ വർക്ക്ഷോപ്പായി’ മാറ്റിയതെന്ന് നജീബ് പറയുന്നു.