തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ അതിനുശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വർധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തെ നേരിടാൻ വേണ്ട എല്ലാ കരുതലും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രാഥമികമായ കടമ ജീവൻ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങൾ പഠിപ്പിച്ചു.
എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയർത്താം എന്നൊക്കെ മനസിലായി.
ആരോഗ്യ സംവിധാനങ്ങൾ എങ്ങിനെ തയാറെടുക്കണം, സർക്കാർ സംവിധാനങ്ങൾ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗികവത്കരണം തുടങ്ങിയ കാര്യങ്ങളിൽ പുതിയ ഉൾക്കാഴ്ചയും പുതിയ കോവിഡ് തരംഗം നൽകുന്നുണ്ട്.
മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തിൽ പിടിച്ചുനിർത്താൻ സഹായിച്ചത്.
സർക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകൾ കൂടെ ഇതേപോലെ കർശനമായ രീതിയിൽ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീൻ എടുത്തവർക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്.
എന്നാൽ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്സീൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളതുകൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.